ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ മുഖേന റിവ്യൂ ഹർജി നൽകുന്നതിനും അനുമതി നേടും

ദില്ലി: ശബരിമല സമരത്തിൽ ഹൈക്കമാൻഡ് പിന്തുണ തേടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ഇന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കാണും. ശബരിമല സമരത്തിന് പിന്നിലുള്ള സാഹചര്യങ്ങൾ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം.

ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ മുഖേന റിവ്യൂ ഹർജി നൽകുന്നതിനും അനുമതി നേടും. സമരത്തിനോട് എതിർപ്പെന്ന സൂചനയാണ് രാഹുൽ ഗാന്ധി ആദ്യം നൽകിയതെങ്കിലും സംസ്ഥാന നേതൃത്വത്തിൻറെ ആവശ്യത്തിന് ഹൈക്കമാൻഡ് വഴങ്ങുകയാണെന്ന സൂചനയാണ് ഇന്നലെ എഐസിസി നൽകിയത്.

കേരളത്തിലെ സാഹചര്യം പരിഗണിക്കണമെന്ന് എ.കെ ആന്‍റണിയും കെ.സി വേണുഗോപാലും രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചതിനെ ചരിത്ര വിധിയെന്ന അഭിപ്രായത്തോടെയാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സ്വാഗതം ചെയ്തത്.

കേരളത്തിലും ആദ്യം കോടതി വിധി നടപ്പാക്കണമെന്ന രീതിയില്‍ പ്രതികരണങ്ങള്‍ വന്നെങ്കിലും പിന്നീട് എതിര്‍പ്പുമായി കോണ്‍ഗ്രസ് സമരം ആരംഭിക്കുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസും ആര്‍എസ്എസും അവിശുദ്ധ കൂട്ടുക്കെട്ടിലാണെന്ന ആരോപണങ്ങളാണ് എല്‍ഡിഎഫ് ഉന്നയിക്കുന്നത്.