കർണാടകത്തിലെ പകുതിയോളം തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേരിയ മുൻതൂക്കം. ഫലം പുറത്തുവന്ന 2662 സീറ്റുകളിൽ 982 ഇടത്ത് കോൺഗ്രസ് വിജയിച്ചു. ബിജെപിക്ക് 926 സീറ്റ് കിട്ടി.

ബെംഗളുരു: കർണാടകത്തിലെ പകുതിയോളം തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേരിയ മുൻതൂക്കം. ഫലം പുറത്തുവന്ന 2662 സീറ്റുകളിൽ 982 ഇടത്ത് കോൺഗ്രസ് വിജയിച്ചു. ബിജെപിക്ക് 926 സീറ്റ് കിട്ടി. മൈസൂരു ഉൾപ്പെടെ ആർക്കും ഭൂരിപക്ഷമില്ലാത്ത നഗരസഭകളിൽ സഖ്യമുണ്ടാക്കാൻ കോൺഗ്രസും ജെഡിഎസും തമ്മില്‍ ധാരണയിലെത്തി.

മൈസൂരു, തുമകൂരു, ശിവമൊഗ കോർപ്പറേഷനുകൾ, 53 മുനിസിപ്പാലിറ്റികൾ, 23 നഗര പഞ്ചായത്തുകൾ തുടങ്ങി 105 തദ്ദേശ സ്ഥാപനങ്ങളിലേക്കായിരുന്നു വോട്ടെടുപ്പ്. സഖ്യം വിധാൻ സൗധയിൽ ഒതുക്കിയ കോൺഗ്രസും ജെഡിഎസും തെരഞ്ഞെടുപ്പിനെ നേരിട്ടത് ഒറ്റക്ക്. നേരിയ സീറ്റുകളുടെ മുൻതൂക്കമെങ്കിലും ഫലം കോൺഗ്രസിന് നേട്ടമായി. നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട ഹൈദരാബാദ് കർണാടകത്തിൽ കോൺഗ്രസ് തിരിച്ചുവന്നു. 

അറുപത് ശതമാനത്തിലധികം സീറ്റുകൾ ഈ മേഖലയിൽ പാർട്ടിക്ക് കിട്ടി. ബിജെപിയെ തുണച്ചത് തീരദേശ കർണാടകമാണ്. ഉത്തര കന്നഡ,ഉഡുപ്പി ജില്ലകളിലെ മുനിസിപ്പാലിറ്റികളിൽ പാർട്ടി ആധിപത്യം നേടി. മൈസൂരു, തുമകൂരു കോർപ്പറേഷനുകളിൽ വലിയ ഒറ്റക്കക്ഷിയായെങ്കിലും ബിജെപിക്ക് ഭരിക്കാനാകില്ല.തൂക്കുസഭ വരുന്നയിടങ്ങളിൽ സഖ്യമുണ്ടാക്കാമെന്നാണ് കോൺഗ്രസ് ജെഡിഎസ് ധാരണ .നേരത്തെ ജെഡിഎസുമായി ചേർന്ന് ബിജെപി ഭരിച്ച നഗരസഭയാണ് മൈസൂരു.

മാണ്ഡ്യ,ഹാസൻ തുടങ്ങി മേഖലയിലെ ജില്ലകളിൽ വലിയ നഷ്ടം കോൺഗ്രസിനുണ്ടായില്ല. നൂറ് ദിവസം തികച്ച സഖ്യസർക്കാർ നേരിട്ട ആദ്യ പരീക്ഷണം വിജയിച്ച ആത്മവിശ്വാസം കോൺഗ്രസിനും ജെഡിഎസിനുമുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം എന്താകുമെന്നതിന്‍റെ സൂചനാണ് ഇതെന്ന് നേതാക്കൾ പറയുന്നു. അതേ സമയം തോൽവി സമ്മതിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ ബി എസ് യെദ്യൂരപ്പ ലോക്സഭയിൽ സ്ഥിതി വേറെയാകുമെന്ന് പ്രതികരിച്ചു.