ഉദുമയില്‍ കെ.സുധാകരന്‍ വിജയിക്കുമെന്നു തന്നെയായിരുന്നു അവസാന നിമിഷം വരെ കോണ്‍ഗ്രസിന്റെ പ്രതീക്ഷ. അപ്രതീക്ഷിതമായി ഫലം എതിരായതോടെ കോണ്‍ഗ്രസ് പരാജയത്തിന്‍റെ കാരണം തേടി. പ്രാഥമിക പരിശോധനയില്‍ ചെമ്മനാട് അടക്കമുള്ള മുസ്ലീം ലീഗ് ശക്തി കേന്ദ്രങ്ങളില്‍ പ്രതീക്ഷിച്ച വോട്ടുകള്‍ യുഡിഎഫ് പെട്ടിയിലേക്ക് വീണില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കണ്ടെത്തിയത്. ഇക്കാര്യം പുറത്തുവന്നതാണ് മുസ്ലീം ലീഗിനെ ചൊടിപ്പിച്ചത്. കെ സുധാരന്റെ വിജയത്തിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച മുസ്ലീം ലീഗ് പ്രവര്‍ത്തകരെ അവഹേളിക്കുന്നതാണ് കോണ്‍ഗ്രസിന്‍റെ നടപടിയെന്ന് മുസ്ലീം ലീഗ് കുറ്റപെടുത്തി.ഇതിനെടെ കോണ്‍ഗ്രസ് കുറ്റപെടുത്തിയതില്‍ പ്രതിഷേധിച്ച് മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മായിന്‍ഹാജി സ്ഥാനം രാജിവച്ചു.

എന്നാല്‍ മുസ്ലീം ലീഗിന്‍റെ വിമര്‍ശനം കോണ്‍ഗ്രസ് നേതൃത്വം തള്ളി. ലീഗിനെ കുറ്റപെടുത്തുകയല്ല യുഡിഎഫ് കോട്ടകളിലെ വിള്ളല്‍ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. ഉദുമയിലെ തോല്‍വിയെചൊല്ലി കോണ്‍ഗ്രസ്-മുസ്ലീം ലീഗ് പോര് രൂക്ഷമായതോടെ വരാനിരിക്കുന്ന ജില്ലാപഞ്ചായത്ത് ഉദുമ ഡിവിഷനിലേക്കുള്ള ഉപതെരെഞ്ഞെടുപ്പും യുഡിഎഫിന് തലവേദനയാകും. കോണ്‍ഗ്രസ് അംഗം മരിച്ചതിനെതുടര്‍ന്ന് വരുന്ന ഉപതെരെ‍ഞ്ഞെടുപ്പില്‍ പരാജയപെട്ടാല്‍ ജില്ലാപഞ്ചായത്ത് ഭരണവും യുഡിഎഫിന് നഷ്‌ടപെടും.