കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പക്ഷങ്ങൾ ഹൈക്കമാൻഡിൽ സമ്മർദ്ദം ചെലുത്താനും എം.എൽ.എമാരുടെ പിന്തുണ ഉറപ്പിക്കാനും ശക്തമായ നീക്കങ്ങളാണ് നടത്തുന്നത്.
തിരുവനന്തപുരം: കേരളത്തിൽ ഭരണത്തുടർച്ചയോ ഭരണമാറ്റമോ എന്ന ആകാംക്ഷ തുടരുന്നതിനിടയിൽ കോൺഗ്രസ് പാളയത്തിൽ മുഖ്യമന്ത്രി കസേരയെച്ചൊല്ലിയുള്ള ഗ്രൂപ്പ് പോര് തുടരുന്നു. കെ.സി പക്ഷവും വി.ഡി സതീശൻ അനുകൂലികളും ചെന്നിത്തലയുടെ പക്ഷവുമെല്ലാം വെവ്വേറെ തട്ടുകളിലായി അണിനിരന്നു കഴിഞ്ഞു. ശക്തി തെളിയിക്കാൻ കൂടുതൽ എം.പിമാരെ ഹൈക്കമാൻഡിന് മുന്നിലെത്തിക്കാനാണ് കെ.സി വേണുഗോപാൽ പക്ഷത്തിന്റെ നീക്കം. ഇതിനായി കെ.സുധാകരൻ വഴി സമ്മര്‍ദ്ദ ശ്രമം ശക്തമായിട്ടുണ്ട്. കെ.സി വേണുഗോപാലിന് ദില്ലിയിലുള്ള സ്വാധീനം ഉപയോഗിച്ച് എം.പിമാരുടെ പിന്തുണയോടെ സമ്മർദ്ദം ചെലുത്താനാണ് ശ്രമം.
അതേസമയം, 'കളത്തിൽ താനുമുണ്ട്' എന്ന സന്ദേശവുമായി രമേശ് ചെന്നിത്തലയുടെ അനുകൂലികളും നീക്കങ്ങൾ സജീവമാക്കിയിരിക്കുകയാണ്. ഇതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വിഭാഗം വൻ അവകാശവാദവുമായി രംഗത്തെത്തിയിട്ടുണ്ട്. എതിർ ഗ്രൂപ്പിലെ പല എം.എൽ.എമാരും തങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് വി.ഡി വിഭാഗത്തിന്റെ അവകാശവാദം. എം.എൽ.എമാരുടെ കണക്കുകൾ നിരത്തി ഹൈക്കമാൻഡിനെ വരുതിയിലാക്കാന്‍ സതീശൻ പക്ഷം ഒരുങ്ങിക്കഴിഞ്ഞു.
ഇപ്പോൾ സൈബർ ഇടങ്ങളിലാണ് ഗ്രൂപ്പ് പോര് ഏറ്റവും രൂക്ഷമായി മാറിയിരിക്കുന്നത്. മുതിർന്ന നേതാക്കൾക്കെതിരെ, പ്രത്യേകിച്ച് കെ.സി വേണുഗോപാലിനെതിരെ വരുന്ന കമന്റുകൾക്ക് പിന്നിൽ വ്യാജ ഐഡികളാണെന്നാണ് സംശയം. വി.ഡി സതീശനെ അനുകൂലിക്കുന്ന കമന്റുകളുടെ ഉറവിടം വരെ പരിശോധിക്കാൻ കെ.സി പക്ഷം ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ചുരുക്കത്തിൽ, ഫലം വരാനിരിക്കെ കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനായി വലിയ പടയൊരുക്കമാണ് നടക്കുന്നത്.


