കനത്ത തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതൃസ്ഥാനത്തേയ്ക്കില്ലെന്ന ഉറച്ച നിലപാട് ഉമ്മന്‍ ചാണ്ടി കൈക്കൊണ്ടു. ഇക്കാര്യം അദ്ദേഹം ദേശീയ നേതൃത്വത്തെയും അറിയിച്ചു. പിന്തുണയ്ക്കുമെന്ന ഉറച്ച വിശ്വസിച്ച മേഖലകളും കൈവിട്ടതിനാലാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്കിക്കില്ലെന്ന തീരുമാനത്തിലേയ്ക്ക് അദ്ദേഹം മാറിയതെന്ന് അറിയുന്നു. 

നേതൃപദവിയിൽ തുടരണമെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. നിയമസഭാ കക്ഷിയിൽ ഗ്രൂപ്പിന് മുൻ തൂക്കവുമില്ല. ഉമ്മന്‍ ചാണ്ടി മാറുമ്പോള്‍ നേതൃത്വത്തിലേയ്ക്ക് സ്വാഭാവിക പരിഗണന രമേശ് ചെന്നിത്തലയ്ക്കെന്നാണ് നേതാക്കളുടെ പ്രതികരണം. 

ഐ ഗ്രൂപ്പിനാണ് നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷവും. എം.എല്‍.എമാരുടെ അഭിപ്രായമറിയാനാണ് ഹൈക്കമാൻഡ് പ്രതിനിധികളെത്തുന്നത്. ഷീലാ ദീക്ഷിത് ,മുകുള്‍ വാസ്നിക്ക് ,ദീപക് ബാബ്റിയ എന്നിവരാണ് തിരുവനന്തപുരത്ത് എത്തുന്നത്

പ്രതിപക്ഷ നേതൃസ്ഥാനം തര്‍ക്ക വിഷയമാകരുതെന്ന ധാരണയാണ് ഉന്നത നേതാക്കള്‍ക്കിടയിലുള്ളത്. കനത്ത തോല്‍വിക്ക് ശേഷം നേതൃപദവിയെ ചൊല്ലി തമ്മിലടിയുണ്ടാകുന്നത് പാര്‍ട്ടിയുടെ സ്ഥിതി കൂടുതൽ വഷളാക്കുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണിത്. അസാധാരണമായ സാഹചര്യത്തിൽ അല്ലാതെ ഹൈക്കമാൻഡ് ഏതെങ്കിലും പേര് നിര്‍ദേശിക്കില്ലെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.

അതിനാൽ എം.എൽ.എമാരുടെ ഭൂരിപക്ഷ അഭിപ്രായമനുസരിച്ച് തീരുമാനമെടുക്കാനാണ് സാധ്യത. അതേ സമയം മുരളിയുടെയും സതീശന്‍റെയും പേരുകളും പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് ഉയരുന്നുണ്ട്.