സുപ്രീംകോടതിയിലെ കേസിനെ സ്വാധീനിക്കാനാണ് കോൺഗ്രസ് വ്യാജപ്രചരണം നടത്തിയതെന്ന് തെളിഞ്ഞതായി ബിജെപി അധ്യക്ഷൻ അമിത് ഷാ
ബംഗളുരു: കർണാടകത്തിൽ ബി.ജെ.പിക്കെതിരെ ആയുധമാക്കിയ കൈക്കൂലി വാഗ്ദാന ഓഡിയോ വ്യാജമെന്ന് കോൺഗ്രസ് എംഎൽഎ ശിവറാം ഹെബ്ബാർ. തന്റെ ഭാര്യയെ ബിജെപി നേതാക്കളെ വിളിച്ചിട്ടില്ലെന്നും ശബ്ദ രേഖയെക്കുറിച്ച് അറിയില്ലെന്നും ഹെബ്ബാർ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. യെദ്യൂരപ്പയുടെ മകൻ വിജയേന്ദ്ര, ഹെബ്ബാറിന്റെ ഭാര്യയോട് സംസാരിക്കുന്നതിന്റെയും മന്ത്രിപദവിയും പണവും വാഗ്ദാനം ചെയ്യുന്നതിന്റെയും ശബ്ദരേഖ വിശ്വാസവോട്ടെടുപ്പ് ദിവസം കോൺഗ്രസ് പുറത്തുവിട്ടിരുന്നു. സുപ്രീംകോടതിയിലെ കേസിനെ സ്വാധീനിക്കാനാണ് കോൺഗ്രസ് വ്യാജപ്രചരണം നടത്തിയതെന്ന് തെളിഞ്ഞതായി ബിജെപി അധ്യക്ഷൻ അമിത് ഷാ ആരോപിച്ചു. എന്നാൽ ശബ്ദരേഖ കൃത്രിമമല്ലെന്നും ഫോറൻസിക് പരിശോധന നടത്തണമെന്നും കോൺഗ്രസ് പ്രതികരിച്ചു.
