തൃശൂര്‍: വടക്കാഞ്ചേരി സംഭവത്തില്‍ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കരയും വിവാദത്തില്‍. അന്വേഷണ സംഘത്തിനെതിരായ വാര്‍ത്താ സമ്മേളനത്തിലാണ് അനില്‍ അക്കര പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത്. നേരത്തെ സി പി എം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനെതിരെ പൊലീസ് കേസെടുത്തിരുന്നു. വെളിപ്പെടുത്തല്‍ മനപൂര്‍വ്വമല്ലെന്നും പരാതിയുടെ പ്രസക്തഭാഗം വായിക്കുകയാണ് ചെയ്തതെന്ന വിശദീകരണവുമായി അനില്‍ അക്കര പറഞ്ഞു.

വടക്കാഞ്ചേരി പീഢനക്കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘത്തോട് തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പത്ത് ചോദ്യങ്ങളുമായിട്ടായിരുന്നു അനില്‍ അക്കരയുടെയും ഡിസിസി അധ്യക്ഷന്‍ പിഎ മാധവന്റെയും വാര്‍ത്താ സമ്മേളനം. യുവതിയുടെ പരാതി വായിക്കുന്നതിനിടെയായിരുന്നു അനില്‍ അക്കര ആദ്യം പേര് വെളിപ്പെടുത്തിയത്. യുവതിയുടെ ഫോട്ടോ കാണിച്ച് ജയന്തന്‍ ഭീഷണിപ്പെടുത്തിയ പരാതിയെക്കുറിച്ച് പറയുമ്പോഴായിരുന്നു രണ്ടാമതും അനില്‍ അക്കര പേര് വെളിപ്പെടുത്തിയത്.
 
സിപിഎം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ നേരത്തെ ഇരയുടെ പേര് വെളിപ്പെടുത്തിയത് വിവാദമായിരുന്നു. തുടര്‍ന്ന് രാധാകൃഷ്ണനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് കോണ്‍ഗ്രസ് എംഎല്‍എയും വിവാദത്തില്‍ പെടുന്നത്. മതിയായ തെളിവുണ്ടായിട്ടും പൊലീസ് അന്വേഷണം നടത്തുന്നില്ലെന്നായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് ആരോപിച്ചത്. നാളെ നടക്കുന്ന കളക്ട്രേറ്റ് മാര്‍ച്ച് ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.