തിരുവനന്തപുരം: സ്ത്രീപീഡന കേസില്‍ എം.വിന്‍സെന്‍റ് അറസ്റ്റിലായതോടെ കേരള ചരിത്രത്തില്‍ ആദ്യമായി ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലാകുന്ന ആദ്യ എംഎല്‍എ എന്ന കുപ്രശസ്തിയും വിന്‍സെന്‍റിന് സ്വന്തമായി. ഇതിനൊപ്പം വന്‍സെന്‍റിന്‍റെ മണ്ഡലമായ കോവളത്തിനും ഒരു നാണക്കേടിന്‍റെ റെക്കോര്‍ഡായി.

സ്ത്രീപീഡനക്കേസില്‍ ഉള്‍പ്പെടുന്ന മണ്ഡലത്തിലെ രണ്ടാമത്തെ എംഎല്‍എയാണ് വിന്‍സന്‍റ്. നേരത്തെ കോവളം എംഎല്‍എ ആയിരുന്ന ജനതാദള്‍ നേതാവും മന്ത്രിയുമായിരുന്ന നീലലോഹിതദാസ് നാടാരാണ് ലൈംഗിക പീഡന ആരോപണത്തില്‍ കുടുങ്ങിയ കോവളത്തെ അദ്യ എംഎല്‍എ. 2000 ല്‍ അന്നത്തെ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്ന നീലലോഹിതദാസ് വകുപ്പിലെ സെക്രട്ടറിയായിരുന്ന നളിനി നെറ്റോയോട് ലൈംഗിക അതിക്രമം കാട്ടി എന്നായിരുന്നു പരാതി. 

നളിനി നെറ്റോയുടെ പരാതിയെതുടര്‍ന്ന് അറസ്റ്റ്‌ചെയ്യപ്പെടുകയോ എംഎല്‍എ സ്ഥാനം രാജിവയ്ക്കുകയോ ചെയ്യേണ്ടിവന്നില്ലെങ്കിലും ഗതാഗതമന്ത്രിയായിരുന്ന നീലന് മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നു. നളിനി നെറ്റോ ഇപ്പോള്‍ കേരളാ ചീഫ് സെക്രട്ടറിയാണ്. നളിനി നെറ്റോ കേസില്‍ വര്‍ഷങ്ങള്‍ക്കുശേഷം കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും നീലലോഹിതദാസിന്റെ രാഷ്ട്രീയ ജീവിതത്തില്‍ വലിയ പ്രത്യാഘാതങ്ങളാണ് ആ കേസ് ഉണ്ടാക്കിയത്.

പിന്നീട് 2006ല്‍ ലെ തെരഞ്ഞെടുപ്പില്‍ നീലലോഹിതദാസ് നാടാരെ കോവളത്ത് സ്ഥാനാര്‍ത്ഥയാക്കാനുള്ള ജനതാദള്‍ നീക്കത്തെ സ്ത്രീപീഡനക്കേസ് പശ്ചാത്തലം ചൂണ്ടിക്കാട്ടി വി.എസ്.അച്യുതാനന്ദന്‍ എതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് 2011ല്‍ അദ്ദേഹത്തിന്റെ ഭാര്യ ജമീല പ്രകാശത്തെയാണ് ജനതാദള്‍ കോവളത്ത് സ്ഥാനാര്‍ത്ഥിയാക്കിയത്. 

കമ്മ്യൂണിസ്റ്റ് നേതാവും ആദ്യകേരളാനിയമസഭാംഗവുമായ ആര്‍. പ്രകാശത്തിന്‍റെ മകളാണ് ജമീല. 2011 ലെ തെരഞ്ഞെടുപ്പില്‍ കോവളത്ത് നിന്ന് ജമീല വിജയിക്കുകുയം ചെയ്തു. സിറ്റിംഗ് എംഎല്‍എയായിരുന്ന കോണ്‍ഗ്രസിലെ ജോര്‍ജ് മെഴ്‌സിയറെ തോല്‍പ്പിച്ചാണ് ജമീല വിജയിച്ചത്.

എന്നാല്‍ 2016 ലെ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംഎല്‍എ ജമീല പ്രകാശത്തെ തോല്‍പിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന എം.വിന്‍സെന്‍റ് എംഎല്‍എയായി. അന്ന് ശിവദാസന്‍ നായര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ ആരോപണങ്ങള്‍ ജമീല പ്രകാശം ഉന്നയിച്ചിരുന്നു. എന്നാല്‍ അയല്‍ക്കാരിയായ സ്ത്രീയുടെ പീഡനപരാതിയില്‍ പോലീസ് അറസ്റ്റിലായതോടെ ഒന്നര പതിറ്റാണ്ടിനുശേഷം സ്ത്രീപീഡനക്കേസില്‍ കുടുങ്ങുന്ന എംഎല്‍എയുടെ മണ്ഡലമെന്ന പേര് വീണ്ടും കോവളത്തിന് സ്വന്തമായി.