ബംഗളുരു: ഗുജറാത്തിലെ കുതിരക്കച്ചവടം തടയാന്‍ ബെംഗളൂരുവിലെ റിസോര്‍ട്ടുകളിലേക്ക് മാറ്റിയ എംഎല്‍എമാര്‍ക്കായി മുറിവാടകയിനത്തില്‍ മാത്രം ദിവസം അഞ്ച് ലക്ഷത്തോളം രൂപയാണ് കോണ്‍ഗ്രസ് ചെലവിടുന്നത്. നഗരത്തിലെ മൂന്ന് റിസോര്‍ട്ടുകളിലായുളള 42 എംഎല്‍എമാര്‍ക്കൊപ്പം അമ്പതോളം സഹായികളെയും പാര്‍ട്ടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബിജെപിയിലേക്ക് പോകാന്‍ ഇനിയും ആളുകളുണ്ടെന്ന ആശങ്കയില്‍ കര്‍ശന നിയന്ത്രണങ്ങളുടെ നടുവിലാണ് എംഎല്‍എമാര്‍.

ബെംഗളൂരുവില്‍ നിന്ന് അമ്പത് കിലോമീറ്റര്‍ മാറി രാമനഗരയ്ക്കടുത്ത ആഢംബര റിസോര്‍ട്ടില്‍ 30 പേര്‍.തുംകുരു റോഡിലെ റിസോര്‍ട്ടില്‍ എട്ട് പേര്‍. വിമാനത്താവളത്തിനടുത്തുളള റിസോര്‍ട്ടില്‍ നാല് പേര്‍. ആകെ നാല്‍പ്പത്തിരണ്ട് എംഎല്‍എമാര്‍.ഇവര്‍ക്കെല്ലാം കൂടി അമ്പതിനടുത്ത് ഡീലക്‌സ് മുറികളാണ് കോണ്‍ഗ്രസ് ബുക്കുചെയ്തിരിക്കുന്നത്. ഓഗസ്റ്റ് എട്ടിന് രാജ്യസഭാ തെരഞ്ഞെടുപ്പ് വരെയെങ്കിലും എംഎല്‍എമാര്‍ മറുകണ്ടം ചാടരുത്. അതുകൊണ്ട് പത്തുദിവസത്തേക്ക് മുന്‍കൂട്ടി ബുക്കിങ്. ഒരു മുറിക്ക് പതിനായിരം രൂപ വരെയാണ് ദിവസവാടക.അങ്ങനെ അഞ്ച് ലക്ഷത്തോളം രൂപ ദിവസവും ചെലവ്. മടങ്ങുമ്പോഴേക്കും അത് അരക്കോടിയാകും. ഭക്ഷണത്തിനും മറ്റ് സൗകര്യങ്ങള്‍ക്കുമുളളത് വേറെ. കര്‍ണാടക ഊര്‍ജമന്ത്രി ഡി കെ ശിവകുമാറിനാണ് ഗുജറാത്ത് എംഎല്‍എമാരുടെ ചുമതല. അദ്ദേഹം നിയോഗിച്ച അമ്പതോളം പേര്‍ എംഎല്‍എമാരെ നിരീക്ഷിക്കാന്‍ റിസോര്‍ട്ടിലുണ്ട്. മൊബൈല്‍ ഫോണിന് കര്‍ശന നിയന്ത്രണം. പുറത്ത് കനത്ത പൊലീസ് കാവല്‍. എംഎല്‍എമാരുമായി പാര്‍ട്ടി നേതാക്കള്‍ മാത്രം ആശയവിനിമയം നടത്തുന്നു. തിരുപ്പതി കാണാനാണ് എത്തിയതെന്നാണ് ബെംഗളൂരുവില്‍ വിമാനമിറങ്ങിയപ്പോള്‍ ഒരു എംഎല്‍എ പറഞ്ഞത്. മൈസൂരുവും,കുടകും കാണണമെന്ന ആഗ്രഹം ചിലര്‍ പ്രകടിപ്പിച്ചതായി വിവരമുണ്ട്. മഡിക്കെരിയിലെ റിസോര്‍ട്ടിലേക്ക് എംഎല്‍എമാരെ മാറ്റുമെന്നും വാര്‍ത്തകള്‍ വരുന്നു. ഏത് വഴി നോക്കിയും എത്ര ചെലവാക്കിയും കൂടുമാറ്റം തടയാനുറച്ചാണ് കോണ്‍ഗ്രസ്.