ബെംഗളുരു: ഭക്ഷണശാലയില്‍ യുവാവിനെ ആക്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ മകന്‍ കീഴടങ്ങി. ഹാരിസ് എം.എല്‍.എയുടെ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് നാലപ്പാടാണ് പോലീസില്‍ കീഴടങ്ങിയത്. സംഭവത്തിനു പിന്നാലെ മുഹമ്മദിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബെംഗളുരുവിലെ ഡോളര്‍ കോളനിയില്‍ താമസിക്കുന്ന വിദ്വത് എന്ന യുവാവിനുനേരെയാണ് ക്രൂരമായ ആക്രമണം ഉണ്ടായത്.

ബെംഗളൂരുവിലെ യുബി സിറ്റിയിലെ ഹോട്ടലില്‍ വച്ച് എംഎല്‍എയുടെ മകനായ മുഹമ്മദ് നാലപ്പാടിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. കാലില്‍‌ പ്ലാസ്റ്റര്‍ ഉണ്ടായിരുന്നതിനാല്‍ കസേരയില്‍ നേരെ ഇരിക്കാന്‍ കഴിയാതിരുന്ന യുവാവിനോട് കസേര നേരെയിടാന്‍ പറഞ്ഞ് ഇവര്‍ തര്‍ക്കിക്കുകയായിരുന്നുവെന്നു പറയുന്നു. തുടര്‍ന്ന് എംഎല്‍എയുടെ മകനും സംഘവും ആക്രമണം നടത്തുകയായിരുന്നു. അക്രമത്തില്‍ പരുക്കേറ്റ് മല്യ ആശുപത്രിയില്‍ ചികില്‍സ തേടിയപ്പോള്‍ ഇവിടെയുമെത്തി സംഘം മര്‍ദ്ദിച്ചെന്നും പരാതിയിലുണ്ട്.

വിദ്വതിന്റെ സഹോദരനെയും അക്രമിച്ചതായി പരാതിയുണ്ട്. സംഭവത്തിന് പിന്നാലെ എന്‍.എ. ഹാരിസ് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി. കോണ്‍ഗ്രസ് കേസ് ഒതുക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി ബിജെപിയും ജെഡിയുവും രംഗത്തെത്തിയിട്ടുണ്ട്. ഹാരിസിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണമെന്നും ആവശ്യമുയര്‍ന്നു. അതേസമയം, കുറ്റവാളികള്‍ക്കെതിരെ നിയമം അനുശാസിക്കുന്ന രീതിയില്‍ തന്നെ നടപടിയുണ്ടാകുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. മുഹമ്മദ് ഹാരിസ് നാലപ്പാടിനെ കോണ്‍ഗ്രസ് അംഗത്വത്തില്‍ നിന്ന് ആറു വര്‍ഷത്തേക്കു നീക്കിയതായി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി. പരമേശ്വര അറിയിച്ചു.