വനിതാ മതിലില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെ പ്രതികാര നടപടിയുണ്ടായാല്‍ നിയമപരമായി നേരിടുമെന്ന് കോണ്‍ഗ്രസ്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് പുനഃസംഘടന വേണമെന്നും രാഷ്ട്രീകാര്യ സമിതി.

തിരുവനന്തപുരം: വനിതാ മതിലില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെ സർക്കാര്‍ പ്രതികാര നടപടി സ്വീകരിച്ചാൽ നിയമനടപടിയുമായി ഏതറ്റംവരെയും പോകുമെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയുടെതാണ് തീരുമാനം. വനിതാ മതില്‍ വര്‍ഗീയ മതിലെന്ന പ്രചാരണം വിജയച്ചെന്നും രാഷ്ട്രീയ കാര്യ സമിതി യോഗം വിലയിരുത്തി. ലോക്സഭ തിരഞ്ഞെടുപ്പിനു മുന്‍പ് പാര്‍ട്ടി പുനഃസംഘടന വേണമെന്നും യോഗത്തില്‍ പൊതു അഭിപ്രായം ഉണ്ടായി.

വനിതാ മതില്‍ വിഷയത്തില്‍ നിലപാട് കടുപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. വനിതാ മതിലുമായി സഹകരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കോ ആശ വര്‍ക്കര്‍മാര്‍ക്കോ കുടുംബശ്രീ അംഗങ്ങള്‍ അടക്കമുള്ളവര്‍ക്കോ എതിരെ നടപടി ഉണ്ടായാല്‍ നിയമപരമായി നേരിടും. ഏതറ്റം വരേയും പോകാനാണ് നീക്കം. വനിതാ മതിലിനെതിരെയുള്ള പ്രചരണങ്ങളെല്ലാം വിജയം കണ്ടുവെന്നും രാഷ്ട്രീയകാര്യ സമിതി യോഗം വിലയിരുത്തി. പാര്‍ട്ടി പുനസംഘടനയായിരുന്നു യോഗത്തില്‍ ച‍ർച്ച ചെയ്ത മറ്റൊരു വിഷയം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാൻ മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവരെ ചുമതലപ്പെടുത്തി. 

അടുത്ത ദിവസങ്ങളില്‍ തന്നെ രാഹുൽഗാന്ധിയെ കണ്ട് പുനസംഘടന വിഷയം ചര്‍ച്ച ചെയ്യാനും തീരുമാനമായി. കെ പി സി സി നേതൃത്വം രണ്ട് ദിവസങ്ങളിലായി തിരുവനന്തപുരത്ത് നടത്താനും യോഗം തീരുമാനിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിനു മുന്‍പ് കെ പി സി സി അധ്യക്ഷൻ സംസ്ഥാന യാത്ര നടത്തും. പ്രളയാന്തര പ്രവര്‍ത്തനങ്ങളിലെ സര്‍ക്കാര്‍ വീഴ്ച അടക്കം വിഷയങ്ങള്‍ ഉയര്‍ത്തിയാകും യാത്ര.