കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യമാണെങ്കില്‍ കൂടി വി.എം. സുധീരന്റെ ധൃതിപിടിച്ചുള്ള രാജി മുന്നണിയുടെ ഭാവിക്ക് തിരിച്ചടിയാകുമെന്നാണ് ജെഡി്യുവിന്റെ വിലയിരുത്തല്‍. നിയമസഭാതെരഞ്ഞെടുപ്പിന് ശേഷം മുന്നണി വലിയ പ്രതിസന്ധികളിലൂടെ നീങ്ങുകയാണ്. കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നം പരിഹരിച്ച് മുന്നണിയെ ശക്തിപ്പെടുത്തണമെന്നാണ് ഘടകക്ഷികള്‍ മുന്നണി യോഗങ്ങളില്‍ ആവര്‍ത്തിച്ചിരുന്നത്.
എന്നാല്‍ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് വി എം സുധീരന്റെ രാജിയല്ല പരിഹാരമെന്ന് ജെഡിയു സംസ്ഥാനസെക്രട്ടറി ജനറല്‍ ഷെയ്ക്ക് പി ഹാരിസ് ചൂണ്ടിക്കാട്ടുന്നു. മദ്യനയത്തില്‍ സുധീരന്റെ നിലപാടിനെ പിന്തുണച്ച ലീഗിനും സമാനമായ അഭിപ്രായമാണുള്ളത്. പക്ഷേ ഈ വിഷയത്തില്‍ അവര്‍ പരസ്യപ്രതികരണത്തിന് തയ്യാറാവില്ല.
നിലവിലെ മദ്യനയത്തില്‍ എല്‍ഡിഎഫ് മാറ്റങ്ങള്‍ വരുത്താന്‍ നീക്കം നടത്തുമ്പോള്‍ മുന്നണിയില്‍ സുധീരനെ പോലെ ഈ വിഷയ്തതില്‍ മറ്റ് നേതാക്കള്‍ നിലപാട് സ്വീകരിക്കുമോയെന്ന സംശയം ലീഗിനുണ്ട്. രാഷ്ട്രീയ മേല്‍ക്കോയ്മ ലീഗിനാണെങ്കിലും മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ ഏകോപനത്തില്‍ നിലവിലെ സംഭവവികാസങ്ങള്‍ ബാധിക്കുമോയെന്ന ആശങ്കയും ചില ലീഗ് കേന്ദ്രങ്ങള്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.
