ഇടുക്കി: രമേശ് ചെന്നിത്തലയുടെ പടയൊരുക്കം ഇടുക്കിയിലെത്താറായപ്പോൾ ജില്ലയിലെ കോൺഗ്രസ്സിൽ പാളയത്തിൽ പട. ഉമ്മൻചാണ്ടിക്കെതിരെ കോൺഗ്രസ്സ് ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പിൽ കെപിസിസി അംഗം പോസ്റ്റിട്ടത് വിവാദമായി. സംഭവം സംബന്ധിച്ച ഡിസിസി നേതൃത്വം കെപിസിസി പ്രസിഡൻറിന് പരാതി നൽകി.
തൊടുപുഴയിലെ കെപിസിസി അംഗവും കൺസ്യൂമർഫെഡ് മുൻ ചെയർമാനുമായ ജോയ് തോമസാണ് ഉമ്മൻചാണ്ടിക്കെതിരെ വാട്ട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റിട്ടത്. എതിർ രാഷ്ട്രീയക്കാർ പോലും ചെയ്യാത്ത രീതിയിൽ അന്ന് കരുണാകരനെ കരയിപ്പിച്ച് ഇറക്കി വിട്ടതിനു പിന്നിൽ ഉമ്മൻചാണ്ടി ആയിരുന്നു. ആ കണ്ണുനീർ ഏറ്റ പൊള്ളലാണ് ഉമ്മൻചാണ്ടി ഇന്ന് അനുഭവിക്കുന്നത് എന്നിങ്ങനെയുള്ള സന്ദേശമാണ് ജോയ് തോമസ് പോസ്റ്റു ചെയ്തത്.
നിമിഷങ്ങൾക്കുള്ളിൽ ഇത് മറ്റ് പല ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യപ്പെട്ടു. എതിർത്തും അനുകൂലിച്ചുമുള്ള കമൻറുകളുമെത്തി. ഇതറിഞ്ഞ ഡിസിസി നേതൃത്വം പോസ്റ്റ് നീക്കം ചെയ്തു. ജോയ് തോമസിനെ ഗ്രൂപ്പിൽ നിന്നും പുറത്താക്കുകയും ചെയ്തു. പരാതി വ്യാപകമായതിനെ തുടർന്നാണ് ഡിസിസി നേതൃത്വം ഇക്കാര്യം കെപിസിസി പ്രസിഡൻറിനെ അറിയിച്ചത്.
ഇതിനിടെ പ്രകോപിതരായ ചില യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ തൊടുപുഴ രാജീവ് ഭവനിൽ ജോയ് തോമസിനെ തടഞ്ഞു വച്ചു.
നേതാക്കൾ ഇടപെട്ട് മാപ്പു പറയിച്ച ശേഷമാണ് വിട്ടയച്ചത്. ഒരേ ഗ്രൂപ്പുകാരായതിനാൽ ജോയി തോമസിനെ സംരക്ഷിക്കാൻ ഡി സി സി പ്രസിഡന്റ് ശ്രമിക്കുന്നെന്നു കാണിച്ച് പ്രവർത്തകരും കെ പി സി സിക്ക് പരാതി നൽകിയിട്ടുണ്ട്. പടയൊരുക്ക വേദിയിലെത്തിയാൽ കൈകാര്യം ചെയ്യുമെന്നും ചില യൂത്ത് കോണഗ്രസുകാർ ഭീഷണി മുഴക്കിയിട്ടുണ്ട്.
