ദില്ലി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രാചരണസമിതിയിലേക്കു പ്രിയങ്കാഗാന്ധിയെ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നു. പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തില്‍ പ്രചാരണം നടത്തണമെന്നു പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

ഉത്തര്‍പ്രദേശ് പിടിക്കാന്‍ ബിജെപി അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ നരേന്ദ്രമോദിയെ നേരിടാന്‍ ശക്തമായ സംഘം വേണമെന്ന നിര്‍ദ്ദേശമാണു കോണ്‍ഗ്രസിന്. ദില്ലി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രചാരണം നടത്തണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനു പ്രാദേശികമായ എതിര്‍പ്പുണ്ടായി. മാത്രമല്ല മോദിയെ നേരിടാന്‍ യുവനേതാവ് വേണമെന്ന ആവശ്യവുമുയര്‍ന്നു. ഈ സാഹചര്യത്തിലാണ് പ്രിയങ്കഗാന്ധിയുടെ പേര് വീണ്ടും സജീവമാകുന്നത്.

പ്രിയങ്കയെ പ്രചാരണസമിതിയുടെ അംഗമായി കൊണ്ടുവരണമെന്ന നിര്‍ദ്ദേശമാണ് ഇപ്പോഴുള്ളത്. പ്രിയങ്ക പ്രചാരണത്തില്‍ സജീവമായിരിക്കുമെന്നു കോണ്‍ഗ്രസിന്റെ സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കിക്കഴിഞ്ഞു. അടുത്ത 15 ദിവസത്തിനകം പ്രചാരണം തുടങ്ങും. അതിനുമുന്‍പു പ്രചാരണസമിതിക്കു രൂപം നല്‍കും.

രാഹുല്‍ ഗാന്ധി ഒറ്റയ്ക്കായിരുന്നു 2012ലെ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന്റെ ചുക്കാന്‍ പിടിച്ചത്. ഒടുവില്‍ പരാജയത്തിന്റെ ഉത്തരവാദിത്വം രാഹുലിനു മാത്രമായി. കഴിഞ്ഞ പ്രാവശ്യത്തെ പാളിച്ച പരിഹരിച്ച് ഇത്തവണ ഒരു സംഘം പ്രവര്‍ത്തകരെ പ്രചാരണത്തിന്റെ ഉത്തരവാദിത്വം ഏല്‍പ്പിക്കാനാണു തീരുമാനം.