ദില്ലി: കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി നാളെ ഉച്ചയോടെ നാമനിര്‍ദ്ദേശ പത്രിക സമര്പ്പിക്കും. കേരളത്തില്‍ നിന്നുളള നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാന്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില് നേതാക്കള്‍ രാത്രിയോടെ ദില്ലിയിലെത്തും. എഐസിസി ആസ്ഥാനത്ത് നിന്ന് 76 സെറ്റ് പത്രികകള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെങ്കിലും ഇത് വരെ ആരും പത്രിക സമര്‍പ്പിച്ചിട്ടില്ല.

ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് സന്ദര്‍ശകരെ സ്വീകരിക്കുന്ന തിരക്കിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുഖ്യവരണാധികാരി കൂടിയാണ് മുല്ലപ്പള്ളി. പത്രിക നല്‍കേണ്ടത് ഇദ്ദേഹത്തിനാണ്. ഇത് വരെ 76 സെറ്റ് നാമനിര്‍ദ്ദേശ പത്രികകള്‍ വിവിധ സംസ്ഥാനങ്ങളിലെക്ക് അയച്ചു കൊടുത്തിട്ടുണ്ട്. പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം നാളെയാണെങ്കിലും ഇത് വരെ ഒരു പത്രികയും നല്‍കിയിട്ടില്ല. 

എല്ലാവരു അവസാനദിവസത്തേക്ക് പത്രികാ സമര്‍പ്പണം മാറ്റിവെച്ചിരിക്കുകയാണ്. രാഹുല്‍ ഗാന്ധി നാളെ രാവിലെ 9.30ന് പത്രിക സമര്‍പ്പിക്കാനെത്തും. രാഹുല്‍ ഗാന്ധിയുടെ പത്രികയില്‍ സോണിയാ ഗാന്ധി ഒപ്പിടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സോണിയ മനസ്സു തുറന്നിട്ടില്ല. ഒരോ പത്രികയിലും പത്ത് വോട്ടര്‍മാരും സ്ഥാനാര്‍ഥിയും ഒപ്പിടണം. കഴിഞ്ഞ തവണ സോണിയാ ഗാന്ധി അദ്ധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 56 സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. 

ഇത്തവണ ഇതില്‍ കൂടുതല്‍ ഉണ്ടാകാന് സാധ്യതയുണ്ട്. കേരളത്തില്‍ നിന്ന് മൂന്ന് സെറ്റ് പത്രികയാണ് നല്‍കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പിസിസി അദ്ധ്യക്ഷന്‍ എം.എം ഹസന്‍ എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ ഇന്ന് രാത്രി ദില്ലിയിലെത്തും. രാഹുല്‍ ഗാന്ധിക്ക് പുറമേ വെറെ ആരെങ്കിലും മല്‍സരിക്കാന്‍ സാധ്യതകുറവാണ്.