ഹൈദരാബാദ്: എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി എം വെങ്കയ്യനായിഡുവിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ ഭൂരഹിതര്‍ക്ക് അര്‍ഹതപ്പെട്ട 4.95 ഏക്കര്‍ ഭൂമി ബിജെപി ദേശീയ പ്രസിഡന്റായിരുന്നപ്പോള്‍ വെങ്കയ്യ നായിഡു കയ്യേറിയെന്നും പ്രതിഷേധം ശക്തമായതോടെയാണ് ഭൂമി വിട്ട് നല്‍കേണ്ടി വന്നതെന്നുമാണ് ആരോപണം. വെങ്കയ്യ നായിഡുവിന്റെ മകളുടെ ഉടമസ്ഥതയിലുള്ള സ്വര്‍ണ ഭാരത് ട്രസ്റ്റിന് തെലങ്കാന സര്‍ക്കാര്‍ രണ്ടുകോടി രൂപയിലധികം നികുതി ഇളവ് നല്‍കി. പൊലീസ് വാഹനം വാങ്ങാന്‍ ടെണ്ടര്‍ വിളിക്കാതെ 271 കോടി രൂപ വെങ്കയ്യനായിഡുവിന്റെ മകന്റെ ഉടമസ്ഥതയിലുള്ള മോട്ടോര്‍ വാഹന കമ്പനിക്ക് തെലങ്കാന സര്‍ക്കാര്‍ നല്‍കി. വെങ്കയ്യ നായിഡു അധ്യക്ഷനായിരുന്ന ട്രസ്റ്റിന് മധ്യപ്രദേശില്‍ ഭൂമി അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 2011 ല്‍ ഇടപാട് സുപ്രീംകോടതി റദ്ദാക്കിയ കാര്യവും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ചൂണ്ടിക്കാട്ടി.