Asianet News MalayalamAsianet News Malayalam

പുല്‍വാമ ആക്രമണം നടക്കുമ്പോള്‍ മോദി ഫിലിം ഷൂട്ടിംഗില്‍; ആഞ്ഞടിച്ച് കോണ്‍ഗ്രസ്

ചായ കുടിയും കഴിഞ്ഞാണ് മോദി രാം നഗർ ഗസ്റ്റ് ഹൗസ് വിട്ടത്. 40 ജവാൻമാർ മരിച്ചു കിടന്നപ്പോൾ ചായയും ഭക്ഷണവും എങ്ങനെ മോദിയുടെ തൊണ്ടയിൽ നിന്നിറങ്ങി എന്ന് കോൺഗ്രസ് 

congress slams modi on pulwama attack
Author
Delhi, First Published Feb 21, 2019, 12:13 PM IST

ദില്ലി: പുല്‍വാമ ആക്രമണ വിവരം അറിഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി ഫിലിം ഷൂട്ടിംഗില്‍ ആയിരുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്. കോർബറ്റ് നാഷണൽ പാർക്കിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയുള്ള ഷൂട്ടിൽ ആയിരുന്നു അദ്ദേഹം. ഇതു പോലെ ഒരു പ്രധാനമന്ത്രിയും ചെയ്തിട്ടില്ല. വിവരം അറിഞ്ഞ് നാലു മണിക്കൂർ വരെ ഷൂട്ടിങ്ങ് തുടർന്നു. ഷൂട്ടിങ്ങ് കഴിഞ്ഞിറങ്ങിയവര്‍ തനിക്ക് ജയ് വിളിച്ചപ്പോൾ അവരെ മോദി അഭിവാദ്യം ചെയ്തുവെന്നും കോണ്‍ഗ്രസ് വക്താവ് രൺദീപ് സിങ്ങ് സുർജേവാല ആഞ്ഞടിച്ചു. 

മോദി കപട ദേശീയ വാദിയാണ്. ചായ കുടിയും കഴിഞ്ഞാണ് മോദി രാം നഗർ ഗസ്റ്റ് ഹൗസ് വിട്ടത്.40 ജവാൻമാർ മരിച്ചു കിടന്നപ്പോൾ ചായയും ഭക്ഷണവും എങ്ങനെ മോദിയുടെ തൊണ്ടയിൽ നിന്നിറങ്ങിയെന്ന് കോൺഗ്രസ് ചോദിക്കുന്നു. പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്‍ വസന്തകുമാറിന്റെ ഭൗതിക ശരീരത്തിന് സമീപത്ത് നിന്നുള്ള അൽഫോണ്‍സ് കണ്ണന്താനത്തിന്റെ ഫോട്ടോയും കേന്ദ്ര സർക്കാരിനെതിരെ ആയുധമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. 

അധികാര ദാഹത്താൽ മനുഷ്യത്വം മറന്ന മോദി ജവാൻമാരുടെ ജീവത്യാഗം കൊണ്ട് രാഷ്ട്രീയം കളിക്കുകയാണ്. ആർ ഡി എക്സും റോക്കറ്റ് ലോഞ്ചറുമായി തീവ്രവാദികൾക്ക് എങ്ങനെ എത്താനായി, കനത്ത സുരക്ഷയുള്ള ദേശീയ പാതയിൽ ബോംബ് നിറച്ച വാഹനം എങ്ങനെ എത്തിയെന്നും അവര്‍ ചോദിച്ചു. 

സൗദിയുമായുള്ള സംയുക്ത പ്രസ്താവനയിൽ പാക് പിന്തുണയോടെ ജയ്ഷയും മസൂദ് അസറും പ്രവർത്തിക്കുന്നുവെന്ന് ഉൾപ്പെടുത്താനുള്ള ധൈര്യം മോദിക്ക് ഉണ്ടാകാത്തതെന്തെന്നും കോൺഗ്രസ് ചോദിച്ചു. തിരിച്ചടിക്ക് പിന്തുണ കൊടുക്കുമ്പോഴും കേന്ദ്ര സർക്കാരിന്റെയും മോദിയുടെയും വീഴ്ചകൾ ദേശീയ വാദികളായ തങ്ങൾക്ക് ചോദ്യം ചെയ്യാമെന്നും രൺദീപ് സിങ്ങ് സുർജേവാല വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios