ജയ്പുര്‍: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ മികച്ച പോരാട്ടം കാഴ്ച്ച വച്ച കോണ്‍ഗ്രസ് ക്യാംപിന് ആവേശം പകര്‍ന്ന് രാജസ്ഥാനില്‍ നിന്നും വിജയവാര്‍ത്ത. രാജസ്ഥാനിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മികച്ച വിജയം സ്വന്തമാക്കി.

 മത്സരം നടന്ന നാല് ജില്ലാ പരിക്ഷത്തുകളും ജയിച്ച കോണ്‍ഗ്രസ് 27 പഞ്ചായത്ത് സമിതി സീറ്റുകളില്‍ 16 എണ്ണവും സ്വന്തമാക്കി. അതേസമയം നഗരമേഖലകളില്‍ ബിജെപി മുന്നിട്ട് നിന്നു. പത്ത് പഞ്ചായത്ത് സമിതി സീറ്റുകളില്‍ ജയിച്ച പാര്‍ട്ടി ഏഴ് നഗര്‍പാലിക വാര്‍ഡുകളിലും വിജയം സ്വന്തമാക്കി. ആറ് നഗര്‍പാലിക സീറ്റുകളില്‍ കോണ്‍ഗ്രസാണ് ജയിച്ചത്. 

19 ജില്ലകളിലെ 27 പഞ്ചായത്ത് സമിതികളിലേക്കും 12 ജില്ലകളിലെ 14 നഗര്‍പാലിക സീറ്റുകളിലേക്കും നാല് ജില്ല പരീക്ഷത്തിലേക്കുമായി ഡിസംബര്‍ 17-നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. 

ബിജെപിയുടെ പതനത്തിനുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ നാല് വര്‍ഷമായി രാജസ്ഥാനിലെ ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പമുണ്ട്. 2013-ന് ശേഷം ഇവിടെ നടന്ന എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും ഞങ്ങളാണ് ജയിച്ചത് രാജസ്ഥാന്‍ പിസിസി പ്രസിഡന്റ് സച്ചിന്‍ പൈലറ്റ് പറഞ്ഞു. ഉടന്‍ നടക്കാന്‍ പോകുന്ന അല്‍വാര്‍, അജ്മീര്‍ ലോക്‌സഭാ സീറ്റുകളിലേക്കും മണ്ഡല്‍ഗര്‍ഹ് നിയമസഭാ സീറ്റുകളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പുകളിലും ഫലം സമാനമായിരിക്കുമെന്നും സച്ചിന്‍ പൈലറ്റ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

കഴിഞ്ഞ ആഗസ്റ്റില്‍ 37 നഗരസഭാ സീറ്റുകളിലേക്കായി നടന്ന ഉപതിരഞ്ഞെടുപ്പിലും 19 സീറ്റുകള്‍ ജയിച്ച് കോണ്‍ഗ്രസ് മികച്ച വിജയം നേടിയിരുന്നു. പത്ത് സീറ്റാണ് അന്ന് ബിജെപി ജയിച്ചത് അവശേഷിച്ചവ സ്വതന്ത്രന്‍മാരാണ് സ്വന്തമാക്കിയത്.