ജൂണ്‍ 11നാണ് യുവതി ദില്ലി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.  ദിവ്യ സ്‍പന്ദനയുടെ സഹായി ചിരാഗ് പട്നായികിനെതിരെയാണ് ആരോപണം പിന്നില്‍ വന്നുനിന്ന ചിരാഗ് പട്നായിക് തന്നെ ചുറ്റിപ്പിടിച്ചുവെന്ന്  പരാതിയില്‍ പറയുന്നു 

ദില്ലി: അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സോഷ്യല്‍ മീഡിയാ സെല്ലിലെ മുന്‍ ജീവനക്കാരി ഓഫീസില്‍ ലൈംഗിക ചൂഷണം ആരോപിച്ച് പരാതി നല്‍കി. സോഷ്യല്‍ മീഡിയ സെല്ലിന്റെ ചുമതല വഹിക്കുന്ന ദിവ്യ സ്‍പന്ദനയുടെ സഹായി ചിരാഗ് പട്നായികിനെതിരെയാണ് പൊലീസിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും പരാതി നല്‍കിയത്. ദിവ്യ സ്‍പന്ദനയില്‍ നിന്ന് തൊഴില്‍പരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നുവെന്നും പരാതിയില്‍ ആരോപിക്കുന്നു.

പീഡനം സംബന്ധിച്ച് ജൂണ്‍ 11നാണ് യുവതി ദില്ലി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജൂണ്‍ 28ന് പീഡനവിവരം അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും എ.ഐ.സി.സിയുടെ പരാതി പരിഹാര വിഭാഗം സെല്‍ അധ്യക്ഷ അര്‍ച്ചന ദാല്‍മിയക്കും പരാതി നല്‍കി. കോണ്‍ഗ്രസിന്റെ ഔദ്ദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുകളായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഐ.എന്‍.സി സന്ദേശ് എന്നിവയുടെ ചുമതലയായിരുന്നു പരാതിക്കാരിയായ യുവതിക്ക് ഉണ്ടായിരുന്നത്. ഓഫീസില്‍ ജോലി ചെയ്തുകൊണ്ടിരിക്കവെ ട്വീറ്റുകള്‍ വായിക്കുന്നെന്ന ഭാവത്തില്‍ പിന്നില്‍ വന്നുനിന്ന ചിരാഗ് പട്നായിക് തന്നെ ചുറ്റിപ്പിടിച്ചുവെന്ന് പരാതിയില്‍ പറയുന്നു. അസ്വസ്ഥതയുണ്ടാക്കുന്ന തരത്തില്‍ പലതവണ ഇങ്ങനെ ചിരാഗ് പെരുമാറി. ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ തന്റെ കൈയ്യിലും തോളിലും അനാവശ്യമായി സ്പര്‍ശിച്ചു. ഓഫീസില്‍ തന്റെ ഇരിപ്പിടത്തിന് എതിര്‍വശത്താണ് ചിരാഗ് ഇരുന്നിരുന്നത്. ഇരുവര്‍ക്കുമിടയില്‍ 1.2 മീറ്ററോളം സ്ഥലമാണ് ഉണ്ടായിരുന്നത്. ഇവിടെ കാലുകള്‍ മേശയ്ക്ക് മുകളിലേക്ക് കയറ്റിവെയ്ക്കുകയും ഷൂസുകള്‍ കൊണ്ട് തന്നെ അപമാനിക്കുന്ന ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്തു. ഓഫീസില്‍ വെച്ച് മോശമായ രീതിയില്‍ പലതവണ തന്റെ ശരീരത്തിലേക്ക് തുറിച്ചുനോക്കിയെന്നും ദിനേനയെന്നോണം താന്‍ ഇതെല്ലാം അനുഭവിച്ച് പോരുകയായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു.

ഇക്കാര്യങ്ങള്‍ താന്‍ ദിവ്യ സ്‍പന്ദനയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നെങ്കിലും ഫലമൊന്നുമുണ്ടായില്ലെന്ന് യുവതി ആരോപിച്ചു. ഓഫീസില്‍ എല്ലാവരെയും ശാസിക്കാന്‍ അധികാരമുള്ള ആളായിരുന്നതിനാല്‍ ജോലി പോകുമെന്ന ഭയത്താല്‍ ചിരാഗിന്റെ പ്രവൃത്തികള്‍ താന്‍ തുടക്കത്തില്‍ സഹിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് താന്‍ പലതവണ ശക്തമായ പ്രതിഷേധം അറിയിച്ചു. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയാ സെല്ലില്‍ മാര്‍ച്ച് അഞ്ചിനാണ് യുവതി സോഷ്യല്‍ മീഡിയ മാനേജരായി നിയമിക്കപ്പെട്ടത്. താനും കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയാ സെല്ലുമായാണ് പ്രശ്നങ്ങളുള്ളതെന്നും പാര്‍ട്ടിയുമായി തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും പരാതിക്കാരി പറഞ്ഞു. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും ഇക്കാര്യത്തില്‍ ഇനി കോണ്‍ഗ്രസ് ഹൈക്കമാന്റാണ് തീരുമാനമെടുക്കേണ്ടതെന്നും യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മേയ് 14നാണ് ദിവ്യ സ്പന്ദനയെ ഇക്കാര്യങ്ങള്‍ അറിയിച്ചത്. താന്‍ പരാതിപ്പെട്ടത് മുതല്‍ ദിവ്യ സ്പന്ദന തന്നെ മാനസികമായി പീഡിപ്പിച്ചു. പരാതി കേള്‍ക്കുന്നതിന് പകരം തന്റെ ജോലിയിലെ പ്രകടനത്തെക്കുറിച്ച് മാത്രമാണ് സംസാരിച്ചത്. മേയ് 17 മുതല്‍ 24 വരെ താന്‍ മാനസിക പീഡനത്തിനിരയായി. താന്‍ ഇക്കാര്യത്തില്‍ അസ്വസ്ഥയാണെന്ന് അറിഞ്ഞിട്ടു തന്നോടുള്ള സമീപനത്തില്‍ മാറ്റം വരുത്തിയില്ല. ഓഫീസിലെ തന്റേതല്ലാത്ത കുറ്റങ്ങള്‍ പോലും തന്റെ പേരില്‍ ആരോപിച്ച് ഓഫീസ് ഗ്രൂപ്പില്‍ മെസേജുകളയച്ച് പരസ്യമായി അപമാനിച്ചു. തന്റെ ജോലിയോടുള്ള ആത്മാര്‍ത്ഥത പോലും ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തില്‍ മേയ് 23ന് ഓഫീസില്‍ കരഞ്ഞുകൊണ്ട് പടിയിറങ്ങുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

അതേസമയം ഓഫീസിലെ പരാതി പരിഹാര കമ്മിറ്റിക്ക് യുവതിയില്‍ നിന്ന് ഇത്തരമൊരു പരാതിയും ലഭിച്ചിട്ടില്ലെന്ന് ദിവ്യ സ്പന്ദന വ്യക്തമാക്കി. ഇത്തരമൊരുകാര്യം പുറത്തുവന്നതോടെ പരാതിക്കാരിയോട് വിശദാംശങ്ങള്‍ തിരക്കിയിട്ടുണ്ട്. അവരുടെ മറുപടിക്ക് കാത്തിരിക്കുകയാണെന്നും ദിവ്യ പറഞ്ഞു. തനിക്ക് പിന്തുണ അറിയിച്ചുകൊണ്ട് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയാ സെല്ലില്‍ ജോലി ചെയ്യുന്ന 39 പേരും ഒപ്പിട്ട രേഖയും ദിവ്യ ട്വിറ്ററിലൂടെ പുറത്തുവിട്ടു. വ്യക്തിപരവും ആരോഗ്യപരവുമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യുവതി രാജിവെച്ചത്. സന്തോഷത്തോടെയായിരുന്നു താന്‍ ജോലി ചെയ്തിരുന്നതെന്നും അവസരം നല്‍കിയതിന് നന്ദി പറഞ്ഞുമാണ് യുവതി രാജിക്കത്തും നല്‍കിയത്-ദിവ്യ പറഞ്ഞു. 

Scroll to load tweet…