ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് - സമാജ്|വാദി പാര്‍ട്ടി സഖ്യം തകരുന്നു. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്ന് പി സി സി അധ്യക്ഷന്‍ രാജ് ബബ്ബര്‍ അറിയിച്ചു.

നിയമസഭാതെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് ഉത്തര്‍പ്രദേശില്‍ സമാജ്‌വാദിപാര്‍ട്ടിയും കോണ്‍ഗ്രസും സഖ്യത്തിലേര്‍പ്പെട്ടത്. അഖിലേഷും രാഹുലും സംയുക്തമായി നടത്തിയ പ്രചാരണങ്ങളില്‍ ജനപങ്കാളിത്തമുണ്ടായെങ്കിലും ഫലം വന്നപ്പോള്‍ സഖ്യം തോറ്റമ്പി. 403 അംഗസഭയില്‍ കോണ്‍ഗ്രസ് ഏഴു സീറ്റുകളില്‍ ഒതുങ്ങിയതിന് കാരണം സഖ്യമാണെന്ന് പ്രദേശികനേതാക്കള്‍ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശഭരണസ്ഥാപങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

ഇതോടെ തെരഞ്ഞെടുപ്പിന് മുന്‍പ് ആഘോഷത്തോടെ രൂപീകരിച്ച സഖ്യം ഇല്ലാതാകുകയാണ്. ദേശീയതലത്തില്‍ ബി ജെ പിക്കെതിരെ വിശാലസഖ്യം രൂപീകരിക്കാനുള്ള നീക്കം സജീവമായി മുന്നേറുമ്പോഴാണ് ഉത്തര്‍പ്രദേശിലെ പ്രതിപക്ഷസഖ്യം തകര്‍ന്നത്.