ബിജെപിക്കെതിരെ ആരോപണം ഉന്നയിച്ചതിന് ടെലിവിഷന്‍ അവതാകന്‍ അടിച്ചുവെന്ന പരാതിയുമായി കോണ്‍ഗ്രസ് വക്താവ്

ദില്ലി: ബിജെപിക്കെതിരെ ആരോപണം ഉന്നയിച്ചതിന് ടെലിവിഷന്‍ അവതാകന്‍ അടിച്ചുവെന്ന പരാതിയുമായി കോണ്‍ഗ്രസ് വക്താവ്. കോണ്‍ഗ്രസ് വക്താവ് രാജീവ് ത്യാഗിയാണ് ന്യൂസ് 18 അവതാരകനെതിരെ ആരോപണവുമായി രംഗത്ത് എത്തിയത്. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയുടെ നടപടിയിലാണ് ചര്‍ച്ച നടന്നത്. അവതാരകന്‍ സുമിത്തിന് എതിരെയാണ് ത്യാഗിയുടെ ആരോപണം.

റാഫേല്‍ ഇടപാടിനെ കുറിച്ചും ജഡ്ജി ലോയയുടെ മരണത്തെ കുറിച്ചും അമിത് ഷായുടെ മകനെ കുറിച്ചും ചര്‍ച്ച നടത്തി ധൈര്യം കാണിക്കാന്‍ ത്യാഗി അവതാരകന്‍ സുമിതിനെ വെല്ലുവിളിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതുകേട്ട് ക്ഷുഭിതനായ അവതാരകന്‍ തന്‍റെ വാര്‍ത്താ സംഘത്തോട് ത്യാഗിയെ ടിവി ഫ്രേമില്‍ നിന്ന് മാറ്റാന്‍ ആവശ്യപ്പെട്ടു.

ഇതിനിടെ കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ഒരുങ്ങുകയായിരുന്ന ത്യാഗിയുടെ കൈയില്‍ അവതാരകന്‍ അടിക്കുകയും തിരിച്ച് കസേരയില്‍ വന്നിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. നാടകമൊന്നും വേണ്ട. പോയി കസേരയിലിരിക്കൂ. മിണ്ടാതെ ഇരിക്കൂ, മിണ്ടാതെ ഇരിക്കൂവെന്ന് അവതാരകന്‍ പറഞ്ഞു.

നിങ്ങള്‍ എന്നെ അടിച്ചു. നിങ്ങള്‍ക്ക് മുന്നിലേക്ക് ഞാന്‍ കണ്ണാടി നീട്ടിപിടിച്ചതിനാലാണ് നിങ്ങള്‍ എന്നെ അടിച്ചത്,ത്യാഗി സുമിതിനോട് പറഞ്ഞു. സംഭവം ദൗര്‍ഭാഗ്യകരമെന്ന് ത്യാഗി പ്രതികരിച്ചു. ഏറ്റവുമധികം യുവാക്കളുള്ള രാജ്യമാണ് ഇന്ത്യ. അവരുടെ ജോലിയുടെ കാര്യം എന്തായി? 2014ലെ പ്രകടനപത്രികയില്‍ ബി.ജെ.പി നല്‍കിയ വാഗ്ദാനങ്ങള്‍ എന്തായി?’ എന്നും അദ്ദേഹം ചോദിച്ചു.

വരും ദിവസങ്ങളില്‍ ഇത്തരം വിഷയങ്ങളില്‍ ചര്‍ച്ച സംഘടിപ്പിക്കാനുള്ള അര്‍പ്പണബോധമുണ്ടാവണമെന്ന് ഹസ്തദാനം നല്‍കിക്കൊണ്ട് സുമിത് അശ്വതിയോട് പറയുക മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.