ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനു മുമ്പ് സംസ്ഥാനത്ത് കാലുറപ്പിക്കാനുള്ള നിതീഷ് കുമാറിന്‍റെ ശ്രമത്തിന് കോണ്‍ഗ്രസ് പിന്തുണയുണ്ടാവില്ല എന്ന് വ്യക്തമാകുകയാണ്. അജിത്സിംഗിന്‍റെ രാഷ്ട്രീയ ലോക്ദള്‍ നിതീഷ്‌കുമാറിന്‍റെ ജനതാദള്‍ യുണൈറ്റഡില്‍ ലയിക്കുന്നതോടെ സംസ്ഥാനത്ത് ജാട്ട് ഒബിസി വോട്ടുകളുടെ ധ്രുവീകരണത്തിന് ശ്രമിക്കാനാണ് നിതീഷിന്‍റെ ശ്രമം.
കോണ്‍ഗ്രസും ഈ സഖ്യത്തില്‍ ചേരും എന്ന പ്രചരണം ഉണ്ടായിരുന്നെങ്കിലും രാഹുല്‍ ഗാന്ധി ഇതു വേണ്ടെന്നു വച്ചു. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ഒറ്റയ്ക്കു മത്സരിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനമെന്ന് ഉന്നതവൃത്തങ്ങള്‍ ഏഷ്യനെറ്റ് ന്യൂസിനോടു പറഞ്ഞു. മുലായത്തിനൊപ്പം നില്ക്കാത്ത പിന്നാക്ക വിഭാഗങ്ങളും, ദളിത് വിഭാഗത്തില്‍ മായാവതിയെ എതിര്‍ക്കുന്നവരും ന്യൂനപക്ഷവും കോണ്‍ഗ്രസിനൊപ്പം ചേരും എന്നാണ് രാഹുല്‍ ഗാന്ധി പാര്‍ട്ടി നേതാക്കളോട് വിശദീകരിക്കുന്നത്.
ഒറ്റയ്ക്ക് മത്സരിക്കുന്നത് ആത്മഹത്യാപരമാകും എന്ന വാദം രാഹുല്‍ തള്ളിക്കളഞ്ഞു. ബീഹാറില്‍ മഹാസഖ്യത്തില്‍ ചേരേണ്ടി വന്ന സാഹചര്യം ഉത്തര്‍പ്രദേശിലില്ലെന്നാണ് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍റെ അഭിപ്രായം. ഇതിനിടെ പ്രിയങ്കാ ഗാന്ധിയെ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കും എന്ന പ്രചരണം ശക്തമാണ്. ജയിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യും എന്നു മാത്രമാണ് ഇതിനോട് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
