വിദേശരാഷ്ട്രത്തലന്‍മാരായ തന്‍റെ സുഹൃത്തുകളെ ആലിംഗനം ചെയ്തു സ്നേഹം പ്രകടിപ്പിക്കുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്ഥിരം ശൈലിയാണ്. മോദിയുടെ വിദേശ സന്ദര്‍ശനത്തിനിടെയോ, മറ്റു രാഷ്ട്രത്തലവന്‍മാര്‍ ഇവിടെ വന്നാലോ അദ്ദേഹം ഈ രീതിയിലാണ് അവരെ സ്വാഗതം ചെയ്യാറ്.

ആറ് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി വന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പ്രോട്ടോകോള്‍ മറികടന്ന് മോദി ഇന്ന് വിമാനത്താവളത്തില്‍ പോയി സ്വീകരിച്ചിരുന്നു. പതിവ് രീതിയില്‍ ആലിംഗനം ചെയ്താണ് തന്‍റെ ഇസ്രയേല്‍ സുഹൃത്തിനേയും മോദി വരവേറ്റത്. 

എന്നാല്‍ നെതന്യാഹുവിന്‍റെ ആഗമനത്തിന് പിന്നാലെ മോദിയുടെ ആലിംഗന നയതന്ത്രത്തെ പരിഹസിച്ച് കോണ്‍ഗ്രസ് പുറത്തു വിട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. നെതന്യാഹു വന്ന സ്ഥിതിക്ക് ഇനി കുറേ കെട്ടിപ്പിടുത്തം കാണാം എന്ന അടിക്കുറിപ്പോടെയാണ് കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഈ വീഡിയോ വന്നിരിക്കുന്നത്. ഈ വീഡിയോയെ ചൊല്ലി ബിജെപിയുടേയും കോണ്‍ഗ്രസിന്‍റേയും അണികള്‍ തമ്മില്‍ സൈബര്‍ ലോകത്ത് ഏറ്റുമുട്ടല്‍ ആരംഭിച്ചു കഴിഞ്ഞു.