തിരുവനന്തപുരം: പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സോണിയാഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് രാജ്യസഭയില്‍ അവകാശലംഘനപ്രമേയത്തിന് നോട്ടീസ് നല്‍കി. രാഷ്ട്രീയപ്രസംഗത്തിന് സോണിയാഗാന്ധിക്കുള്ള അവകാശം പ്രധാനമന്ത്രിക്കുമുണ്ടെന്ന് ബിജെപി തിരിച്ചടിച്ചു. പ്രതിഷേധിച്ച കോണ്‍ഗ്രസ് അംഗങ്ങള്‍ ലോകസഭയുടെ നടുത്തളത്തില്‍ കുത്തിയിരിക്കുകയാണ്.

തിരുവനന്തപുരത്തെ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമര്‍ശത്തെ ചൊല്ലിയിലുള്ള കോണ്‍ഗ്രസ് ബഹളത്തില്‍ രാജ്യസഭയും ലോക്‌സഭയും ഇന്നും പ്രക്ഷുബ്ദമായി. അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ് വിഷയത്തില്‍ സഭയില്‍ നടന്ന ചര്‍ച്ചയില്‍ പറയാത്ത കാര്യങ്ങള്‍ പുറത്തുപറഞ്ഞു എന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് ശാന്താറാം നായിക് പ്രധാനമന്ത്രിക്കെതിരെ അവകാശലംഘനപ്രമേയത്തിന് നോട്ടീസ് നല്കി.

തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നായിരുന്നു അരുണ്‍ ജയ്റ്റ്ലിയുടെ പ്രതികരണം. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ധനബില്‍ പരിഗണിക്കുന്നത് രാജ്യസഭ നാളത്തേക്ക് മാറ്റിവച്ചു.. ലോക്‌സഭയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം ഉയര്‍ത്തി കോണ്‍ഗ്രസ് നടുത്തളത്തില്‍ കുത്തിയിരുന്നു. റോബര്‍ട്ട് വാദ്ര രാജസ്ഥാനില്‍ അനധികൃത ഭൂമിയിടപാട് നടത്തിയെന്ന് ബിജെപി എംപി കിരിത് സോമയ്യ ആരോപിച്ചും ലോക്‌സഭയില്‍ ബഹളത്തിനിടയാക്കി.