കോട്ടയം: ഹിമാചൽ പ്രദേശിൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ വരുമെന്ന് മുഖ്യമന്ത്രി വീരഭദ്രസിംഗ്. നീതിപൂർവ്വമായ തിരഞ്ഞെടുപ്പാണ് നടക്കുന്നതെങ്കിൽ ഗുജറാത്തില്‍ ബിജെപി പരാജയപ്പെടുമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

പണവും കേന്ദ്രത്തിലെ അധികാരവും ഉപയോഗിച്ച് എതിരാളികളെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിച്ചത്. ഇത് ഹിമാലചിൽ ജനം തിരിച്ചറിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തിൽ വോട്ടിംഗ് യന്ത്രത്തിൽ ക്രിത്രിമം നടത്തിയില്ലെങ്കിൽ അവിടെയും വിധി അനുകൂലമാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

തിരക്കേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷമാണ് 10 ദിവസത്തെ ആയുർവ്വേദ ചികിത്സക്ക് വീരഭഭ്രസിംഗ് കേരളത്തിലെത്തിയത്. ഭാര്യയുടെ കൂടെ കോട്ടയത്ത് എത്തിയ അദ്ദേഹം തിരുനക്കര മഹാദേവക്ഷേത്രദർശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു. ചെറുപ്പകാലംമുതൽ കേരളത്തിലെത്തുന്ന തനിക്ക് ഇവിടം സ്വന്തം നാട്പോലെയാണെന്നും വീരഭദ്രസിംഗ് പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും ഒപ്പമുണ്ടായിരുന്നു.