Asianet News MalayalamAsianet News Malayalam

അഹമ്മദ് പട്ടേലിന് ജയം, അമിത് ഷായും രാജ്യസഭയില്‍

Congress win
Author
First Published Aug 9, 2017, 1:56 AM IST

രാജ്യം ഉറക്കമൊഴിച്ച് ഉറ്റുനോക്കിയ ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍, ബിജെപിയുടെ കുതിരക്കച്ചവടത്തെ അതിജീവിച്ച് കോണ്‍ഗ്രസിന് മിന്നും ജയം. അവസാന നിമിഷംവരെ സസ്‌പെന്‍സ് നിറഞ്ഞ പോരാട്ടത്തില്‍ പട്ടേല്‍ ബിജെപി സ്ഥാനാര്‍ത്ഥി ബല്‍വന്ദ് സിംഗ് രജ്പുതിനെ പരാജയപ്പെടുത്തി. പട്ടേലിനുപുറമെ ബിജെപി അധ്യക്ഷന്‍ അമിത് ഷായും സ്മൃതി ഇറാനിയും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

എട്ടു മണിക്കൂറോളം മുള്‍മുനയില്‍ നിര്‍ത്തിയ നാടകീയ–രാഷ്‌ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് പട്ടേല്‍ വിജയിച്ചതായ വാര്‍ത്തയെത്തിയത്. രാവിലെ മുതിര്‍ന്ന നേതാവ് ശങ്കര്‍സിംഗ് വകേല എതിര്‍ത്തുവോട്ടുചെയ്തതോടെ ആശങ്കയിലായിരുന്നു കോണ്‍ഗ്രസ് ക്യാംപ്, എന്നാല്‍ ജയിക്കാന്‍വേണ്ട നാല്‍പത്തി അഞ്ച് എംഎല്‍എമാര്‍ കൂടെയുണ്ടെന്ന ആത്മവിശ്വാസം തുടക്കം മുതലേ അഹമ്മദ് പട്ടേല്‍ പ്രകടിപ്പിച്ചുവന്നു. മുന്‍ കോണ്‍ഗ്രസുകാരന്‍ കൂടിയായ ബല്‍വന്ത്സിങ് രാജ്പുത്തിനെയാണു അഹമ്മദ് പട്ടേല്‍ പരാജയപ്പെടുത്തിയത്.

നാലുമണിയോടെ വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ചട്ടം ലംഘിച്ചെന്ന് കോണ്‍ഗ്രസ് റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കി. ഈ വോട്ടുകള്‍ റദ്ദാക്കിയതിനുശേഷംമതി വോട്ടെണ്ണലെന്ന നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചതോടെ അഞ്ചുമണിക്ക് തുടങ്ങേണ്ട വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചു. രണ്ട് എംഎല്‍മാര്‍ വോട്ടു ചെയ്തശേഷം ബാലറ്റ് പേപ്പര്‍ ബിജെപി പോളിംഗ് ഏജന്റിനെയും അമിത് ഷായെയും കാണിച്ചു എന്നായിരുന്നു പരാതി. തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശപ്രകാരം രണ്ട് എംഎല്‍എമാരുടെ വോട്ടുകള്‍ റദ്ദാക്കി ബാക്കി എണ്ണാന്‍ ശ്രമിച്ചപ്പോള്‍ ബിജെപി തടസ്സവാദങ്ങള്‍ ഉന്നയിച്ചു. അവസാനം രണ്ടുമണിയോടെ അഹമ്മദ് പട്ടേല്‍ വിജയിച്ചതായ പ്രഖ്യാപനം എത്തി.

എന്‍സിപി, ജെഡിയു എന്നിവയുടെ ഓരോ എംഎല്‍എമാരുടെയും ഒരു ബിജെപി വിമതന്റെയും അടക്കം 46 വോട്ടു കിട്ടുമെന്നു പ്രതീക്ഷിച്ച അഹമ്മദ് പട്ടേലിനു പക്ഷേ, കൃത്യം 44 വോട്ടേ കിട്ടിയുള്ളൂ. 121 എംഎല്‍എമാരുടെ പിന്തുണയുണ്ടായിരുന്ന ബിജെപി അമിത് ഷായെയും സ്മൃതി ഇറാനിയെയും രാജ്യസഭയില്‍ എത്തിച്ചു. മൂന്നാമത്തെ സീറ്റും പിടിക്കാന്‍ അഹമ്മദാബാദില്‍ ദിവസങ്ങള്‍ ക്യാംപ് ചെയ്ത് അമിത് ഷാ നടത്തിയ തന്ത്രങ്ങള്‍ പാളിയത് ബിജെപിക്ക് വലിയ ക്ഷീണമായി. ശങ്കര്‍സിങ് വഗേല ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളടക്കം പോയതോടെ പ്രതിസന്ധിയിലായ ഗുജറാത്തിലെ കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസമാണ് പട്ടേലിന്റെ വിജയം സമ്മാനിച്ചത്.

 

Follow Us:
Download App:
  • android
  • ios