രാമായണമാസാചരണം കോൺഗ്രസ് ഉപേക്ഷിച്ചു പാർട്ടിക്കുള്ളിൽ തർക്കമായതിനെ തുടർന്നാണ് തീരുമാനം
കർക്കിടക മാസത്തിലെ രാമായണ മാസാചാരണപരിപാടി കോൺഗ്രസ് ഉപേക്ഷിച്ചു. പാർട്ടിക്കുള്ളിൽ ശക്തമായ എതിർപ്പ് ഉയർന്നതിനെ തുടർന്നാണ് നടപടി.
സിപിഎം ബന്ധമുള്ള സംസ്കൃത സംഘത്തിന് പിന്നാലെ കെപിസിസി വിചാർ വിഭാഗും രാമായണ മാസാചരണം സംഘടിപ്പിക്കുന്നത് വലിയ ചർച്ചയായിരുന്നു. രാമായണം നമ്മുടേതാണ് നാടിന്റെ നന്മയാണ് എന്ന സന്ദേശവുമായി തിരുവനന്തപുരം ജില്ലയിലുടനീളം രാമായണ പാരായണവും സെമിനാറുമായിരുന്നു പരിപാടി. വിശ്വാസികളിലുള്ള ബിജെപിയുടെ കടന്നുകയറ്റം ചെറുക്കലാണ് സിപിഎമ്മിനെന്ന പോലെ കോൺഗ്രസ്സിന്റെയും ലക്ഷ്യം. എന്നാല്‍ വിഎം സുധീരനും കെംമുരളീധരനും അടക്കമുള്ള നേതാക്കൾ പരസ്യമായി എതിർപ്പ് അറിയിച്ചതോടെ നേതൃത്വം വെട്ടിലായി. മതേതര പാർട്ടിയായ കോൺഗ്രസ് നാലു വോട്ടിനായി ദൈവങ്ങളെ ഉപയോഗിക്കരുതെന്നായിരുന്നു വിമർശനം. നേതാക്കളുടെ നിർദ്ദേശ പ്രകാരം തന്നെയാണ് പരിപാടി ഉപേക്ഷിച്ചത്.
രാമായണ മാസാചരണത്തിന് പിന്നിൽ പങ്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയെ പോലെ കെപിസിസി പ്രസിഡന്റും വിശദീകരിച്ചു. പരിപാടി ഉപേക്ഷിച്ച് കോൺഗ്രസ് വിവാദത്തിൽ നിന്നും തൽക്കാലം തടിയൂരി. എന്നാൽ സിപിഎം അനുകൂല സംസ്കൃത സംഘം പിന്നോട്ടില്ല. ബിജെപിയാകട്ടെ രാമായാണ വിവാദം ആയുധമാക്കി സിപിഎമ്മിനെയും കോൺഗ്രസ്സിനെയും പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യുന്നു.
