വിശാല സഖ്യത്തിന് കോൺഗ്രസ് ​വിട്ടുവീഴ്ചയ്ക്ക് തയ്യാറാവണമെന്ന് രാഹുൽ രാഹുലിനെ ചുമതലപ്പെടുത്തി പ്രവർത്തകസമിതി വ്യക്തിതാല്പര്യം മാറ്റിവയ്ക്കാൻ സോണിയാഗാന്ധി

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ താഴെയിറക്കാൻ വിശാല മതേതര സഖ്യം രൂപീകരിക്കാൻ ദില്ലിയിൽ ചേർന്ന കോൺഗ്രസ് പ്രവർത്തകസമിതി തീരുമാനിച്ചു. സഖ്യത്തിനായി വിട്ടുവീഴ്ച ചെയ്യണമെന്ന അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നിർദ്ദേശിച്ചു. ഏറ്റവും വലിയ ഒറ്റകക്ഷിയായാൽ രാഹുൽ ഗാന്ധി തന്നെയാവും പ്രധാനമന്ത്രിയെന്നും കോൺഗ്രസ് പ്രഖ്യാപിച്ചു.

നരേന്ദ്ര മോദി സർക്കാരിനെ താഴെയിറക്കാനുള്ള ആഹ്വാനവുമായി കോൺഗ്രസ് പ്രവർത്തകസമിതി. വിശാല മതേതരസഖ്യത്തിനായി ഉടൻ നീക്കം തുടങ്ങും. സഖ്യരൂപീകരണത്തിൻറെ ചുമതല യോഗം രാഹുലിന് നല്കി. പ്രാദേശിക പാർട്ടികൾ ശക്തമായ സംസ്ഥാനങ്ങളിൽ സഖ്യത്തിന് ശ്രമിക്കുമ്പോൾ കല്ലുകടി സ്വാഭാവികം. എന്നാൽ കോൺഗ്രസ് ഇപ്പോൾ വിട്ടു വീഴ്ച ചെയ്യേണ്ട സമയമാണെന്ന് രാഹുൽ ഗാന്ധി ഉപദേശിച്ചു. പാർട്ടിയുടെ അടിസ്ഥാന ആശയങ്ങൾ ബലികഴിച്ചുള്ള സഖ്യമുണ്ടാവില്ല. സഖ്യങ്ങൾ ആലോചിക്കാൻ പ്രത്യേക സമിതി രൂപീകരിക്കും. വിശാലസഖ്യത്തിൻറെ കേന്ദ്രസ്ഥാനത്ത് രാഹുൽ ഗാന്ധി ആയിരിക്കണം എന്നായിരുന്നു യോഗത്തിലെ പൊതുവികാരം

ബൂത്ത് തലത്തിൽ പാർട്ടി ശക്തിപ്പെടുത്തണം. പാർട്ടിക്ക് എതിരായി നില്‍ക്കുന്നവരുടെ കൂടി വിശ്വാസം ആർജ്ജിക്കണം. പാർട്ടിയുടെ സമരം ദുർബലപ്പെടുത്തുന്നവർക്കെതിരെ നടപടിക്ക് മടിക്കില്ലെന്ന സൂചനയും രാഹുൽ നല്കി. വ്യക്തിതാല്പര്യങ്ങൾ മാറ്റിവയ്ക്കാനായിരുന്നു സോണിയാഗാന്ധിയുടെ ഉപദേശം. പ്രാദേശിക സഖ്യങ്ങൾ ഉണ്ടാക്കി മോദിയെ വീഴ്ത്തുക എന്നതാണ് കോൺഗ്രസും മുന്നോട്ടു വയ്ക്കുന്ന അടവ്. നേതൃത്വം തർക്കമാക്കി ഇപ്പോഴത്തെ ഐക്യം പൊളിക്കേണ്ടതില്ല എന്ന തന്ത്രത്തിലേക്കും കോൺഗ്രസ് മാറുന്നു.