കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ കേരളത്തില്‍നിന്ന് നാല് നേതാക്കള്‍.

ദില്ലി: കോണ്‍ഗ്രസ് പുതിയ പ്രവര്‍‍ത്തക സമിതിയെ പ്രഖ്യാപിച്ചു. കേരളത്തില്‍നിന്ന് നാല് നേതാക്കള്‍‌ സമിതിയിലുണ്ടാകും‍‍. കേരളത്തിൽ നിന്ന് എ.കെ ആന്‍റണി സമിതിയിൽ തുടരും . ഉമ്മന്‍ ചാണ്ടിയെയും കെ.സി വേണുഗോപാലിനെയും പുതുതായി ഉള്‍പ്പെടുത്തി. സ്ഥിരം ക്ഷണിതാവെന്ന് നിലയിൽ പി.സി ചക്കോയും സമിതിയിൽ ഇടം നേടി.

 പാര്‍ട്ടി ഭരണഘടന പ്രകാരമുള്ള 23 അംഗ പ്രവര്‍ത്തക സമിതിയിൽ കേരളത്തിൽ നിന്ന് മൂന്നു പേര്‍. എ.കെ ആന്‍റണിയെ കൂടാതെ എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരെന്ന നിലയിലാണ് ഉമ്മൻ ചാണ്ടിയും കെ.സി വേണുഗോപാലും സമിതിയിൽ അംഗങ്ങളാകുന്നത് . ദില്ലി ഘടകത്തിന്‍റെ ചുമതലക്കാരനെന്ന നിലയിൽ പി.സി ചാക്കോ സ്ഥിരം ക്ഷണിതാവ് കൂടിയായതോടെ കേരളത്തിന് മികച്ച പ്രാതിനിധ്യം . 8 പേരാണ് സ്ഥിരം ക്ഷണിതാക്കള്‍. 13 പ്രത്യേക ക്ഷണിതാക്കളും . അങ്ങനെ 51 അംഗ പ്രവര്‍ത്തക സമിതി . 
വിവിധ സംസ്ഥാനങ്ങളുടെ സ്വതന്ത്ര ചുമതലയുള്ളവരെയാണ് സ്ഥിരം ക്ഷണിതാക്കളെന്ന നിലയിൽ സമിതിയിൽ ഉൾപ്പെടുത്തിയത്. കര്‍ണാടകത്തില്‍ നിന്നും സിദ്ദരാമയ്യയും പട്ടികയിലുണ്ട്.

സി.പി.ജോഷി, ജനാര്‍ദ്ദനന്‍ ദ്വിവേദി എന്നിവരെ ഒഴിവാക്കി. യുവാക്കള്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കും തുല്യ പരിഗണന നല്‍കിയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രവർത്തക സമിതി പുനഃസംഘടിപ്പിച്ചത്. സംഘടനയുടെ ദേശീയ അധ്യക്ഷനായി നിയോഗിക്കപ്പെട്ട ശേഷം രാഹുൽ ഗാന്ധി ആദ്യമായി രൂപം നൽകുന്ന പ്രവർത്തക സമിതിയാണിത്. ജൂലൈ 22 നാകും പ്രവർത്തക സമിതിയുടെ യോഗം. 

കേരളത്തിലെ സംഘടനാ ബലാബലത്തിൽ മാറ്റം വരുത്താവുന്നതാണ് പുതിയ പ്രവര്‍ത്തക സമിതി. ഉന്നത സമിതിയിൽ എ.കെ ആന്‍റണി മാത്രമായിരുന്നെങ്കിൽ അവിടേയക്ക് ഉമ്മൻ ചാണ്ടി കൂടി എത്തുന്നു. സമിതിയിൽ എത്തുന്നതോടെ സംഘടനാ രംഗത്ത് ഉമ്മൻ ചാണ്ടി കൂടുതൽ കരുത്തനാവുകയാണ് . സമിതിയിൽ ഉമ്മൻ ചാണ്ടി എത്തണമെന്നത് വളരെക്കാലമായി എ ഗ്രൂപ്പ് ആശിക്കുന്നതാണ് . നിയമസഭാ തിരഞ്ഞെടുപ്പ് സീറ്റ് നിര്‍ണയത്തെ ചൊല്ലി ദേശീയ നേതൃത്വവുമായി ഉടക്കിയിടത്തുന്ന നിന്നാണ് ഉമ്മൻ ചാണ്ടി ഹൈക്കമാന്‍റിന്‍റെ ഇഷ്ടക്കാരുടെ പട്ടികയിലേയ്ക്ക് മാറുന്നത് . വിശാല ഐ ചേരിയിലായിരുന്ന കെ.സി വേണുഗോപാലിന്റെ വരവും ആ ചേരിയിൽ ചലനങ്ങളുണ്ടാക്കാൻ പോന്നതാണ് .