Asianet News MalayalamAsianet News Malayalam

രാജ്യസഭ വൃദ്ധസദനമല്ല, ചെങ്ങന്നൂരിനു പിന്നാലെ കോണ്‍ഗ്രസില്‍ കലാപക്കൊടിയുയര്‍ത്തി യുവനേതാക്കള്‍

  •  രാജ്യസഭ വൃദ്ധസദനമല്ല, ചെങ്ങന്നൂരിനു പിന്നാലെ കോണ്‍ഗ്രസില്‍ കലാപക്കൊടിയുയര്‍ത്തി യുവനേതാക്കള്‍
Congress Youth leaders against Senior Congress leaders
Author
First Published Jun 3, 2018, 10:30 AM IST

ദില്ലി/തിരുവനന്തപുരം: രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് കോൺഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തി യുവനേതാക്കൾ. രാജ്യസഭയെ വൃദ്ധസദനമായി കാണരുതെന്ന് ഹൈബി ഈഡൻ എംഎല്‍എ. യുവാക്കളെയാണ് പരിഗണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു കണ്ടുമടുത്ത മുഖങ്ങൾ മാറ്റി യുവാക്കൾക്കും വനിതകൾക്കും രാജ്യസഭയിലേക്ക് മത്സരിക്കാൻ അവസരം നൽകണം. ഈ ആവശ്യം രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കുറെ നാളുകളായി കണ്ട് മടുത്ത മുഖങ്ങൾ മാത്രം വരുന്നതിനാലാണിത്. മറ്റ് പ്രസ്‌ഥാനങ്ങൾ യുവാക്കൾക്ക് അവസരം നൽകുമ്പോൾ കോൺഗ്രസ്‌ ഇത് അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പിജെ കുര്യൻ മാറി നിൽക്കണമെന്ന് റോജി എം ജോൺ എംഎൽഎയും ആവശ്യപ്പെട്ടു. ചെങ്ങന്നൂർ നൽകുന്ന പാഠം. പൂർണമായി ഉൾക്കൊള്ളാൻ കോൺഗ്രസ് തയ്യാറാകണം. മരണംവരെ പാർലമെന്‍റിലോ അസംബ്ലിയിലോ ഉണ്ടാവണമെന്ന് നേർച്ചയുള്ള ചില നേതാക്കൾ പാർട്ടിയുടെ ശാപം. പല പാർട്ടി സ്ഥാനങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. അവരെ മാറ്റാൻ പാർട്ടി തയാറായില്ലെങ്കിൽ ഈ പ്രസ്ഥാനത്തെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് പ്രവർത്തകർ ഇനിയും അടങ്ങിയിരിക്കില്ലെന്നും എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. അതേസമയം തന്നെ പിജെ കുര്യന് വിശ്രമം കൊടുക്കണമെന്ന് അനില്‍ അക്കരെ എംഎല്‍എയും പറഞ്ഞു.

റോജി എം ജോണിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം ഇങ്ങനെ

കോൺഗ്രസ്സ് പ്രസിഡന്റായി ചുമതലയേറ്റ AICC സമ്മേളനത്തിൽ മുതിർന്ന നേതാക്കൾ ഉൾപ്പെടെ എല്ലാവരെയും സദസ്സിൽ ഇരുത്തി, ഒഴിച്ചിട്ട സ്റ്റേജ് ചൂണ്ടി കാണിച്ച് രാഹൂൽ ഗാന്ധി രാജ്യത്തെ യുവാക്കളോട് പറഞ്ഞത് പാർട്ടി വേദികൾ (സ്ഥാനങ്ങൾ) അവർക്കായി ഒഴിച്ചിട്ടിരിക്കുന്നു എന്നാണ്. ശ്രീ. പി ജെ കുര്യനെ പോലുള്ള മുതിർന്ന നേതാക്കൾ അത് ഓർക്കണമെന്നും, അർഹതയുള്ള മറ്റ് പലർക്കും വേണ്ടി വഴി മാറികൊടുക്കണമെന്നും വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

ചെങ്ങന്നൂർ നൽകുന്ന പാഠം പൂർണ്ണമായി ഉൾക്കൊള്ളാൻ കോൺഗ്രസ്സ് പാർട്ടി തയ്യാറാകണം. തോൽവിയുടെ ഉത്തരവാദിത്വം ആരുടെയും തലയിൽ കെട്ടിവയ്ക്കാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ ഉൾപ്പെടെ പ്രചരണ രംഗത്ത് ഉണ്ടായിരുന്ന
എല്ലാവർക്കും അതിൽ പങ്കുണ്ട്.

ഇനി ആവശ്യം തൊലിപ്പുറത്തെ ചികിൽസയല്ല. സാധാരണ പ്രവർത്തകർ ആഗ്രഹിക്കുന്ന പ്രകടമായ മാറ്റങ്ങൾ അനിവാര്യമാണ്. മരണം വരെ പാർലമെന്റിലൊ അസ്സംബ്ലിയിലൊ ഉണ്ടാവണമെന്ന് നേർച്ചയുള്ള ചില നേതാക്കൾ കോൺഗ്രസ്സിന്റെ ശാപമാണ്. പല പാർട്ടി സ്ഥാനങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. അവരെ മാറ്റാൻ പാർട്ടി തയാറായില്ലെങ്കിൽ ഈ പ്രസ്ഥാനത്തെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് പ്രവർത്തകർ ഇനിയും അടങ്ങിയിരിക്കില്ല എന്നതിന്റെ സൂചനകളാണ് കഴിഞ്ഞ കുറച്ച് ദിവസ്സങ്ങളായി ഉയർന്ന് കേൾക്കുന്നത്. ആ വികാരത്തോട് പൂർണ്ണമായും യോജിക്കുന്നു, തലമുറ മാറ്റത്തിന് വേണ്ടി ഒരു കാലത്ത് ശക്തമായ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള ഇപ്പോഴത്തെ നേതൃത്വം അത് ഉൾക്കൊള്ളാൻ തയാറാകും എന്ന് വിശ്വസിക്കുന്നു.

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് ശേഷം കോണ്‍ഗ്രസിലെ യുവജനസംഘടനകളിലെ അതൃപ്തി മറനീക്കി പുറത്തുവന്നിരുന്നു. കെഎസ് യു അടക്കമുള്ള സംഘടനകള്‍ നേതൃത്വത്തിനെതിരെയും ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെയും രംഗത്തെത്തി. സംസ്ഥാന സമ്മേളന വേദിയില്‍ നേതാക്കളെ ഇരുത്തിക്കൊണ്ട് തന്നെ കെഎഎസ് യു സംസ്ഥാന പ്രസിഡന്‍റ് അഭിജിത് നടത്തിയ വിമര്‍ശനങ്ങളും ശ്രദ്ധേയമായിരുന്നു. 

പിന്നാലെ കെ മുരളധീരനടക്കമുള്ള നേതാക്കള്‍ രമേശ് ചെന്നിത്തലയ്ക്കെതിരെ രംഗത്തെത്തി. അണ്ഡനും അടകോടനും നേതൃസ്ഥാനത്ത് കയറിയിരിക്കുന്ന സാഹചര്യം അവസാനിപ്പിക്കണമെന്ന കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്‍റെ വിമര്‍ശനത്തോടെയാണ് പ്രതിഷേധത്തിന് തുടക്കമായത്. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിനപ്പുറം യുവനേതാക്കള്‍ മുന്നോട്ടുവരുന്നത് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍.
 

Follow Us:
Download App:
  • android
  • ios