രാജ്യത്തെ മറ്റ് സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്തമായി മേഘാലയയുടെ ധാതുസമ്പത്തിന്റെ അധികാരികള്‍ ഭരണഘടന പ്രകാരം അന്നാട്ടുകാരാണ്.

ഷില്ലോംഗ്: മേഘാലയ തിരഞ്ഞെടുപ്പ് കഴിഞ്ഞു, ഭരണ കക്ഷിയായിരുന്ന കോണ്‍ഗ്രസിനെ താഴെയിറക്കി കോണ്‍റാഡ് സാങ്മയുടെ എന്‍. പി. പി. നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ നിലവില്‍ വരുകയും ചെയ്തു. ഈ ഘട്ടത്തില്‍ കോണ്‍റാഡ്സാങ്മയു‍ടെ വാക്കുകളെ അതീവ ശ്രദ്ധയോടെ കാതോര്‍ക്കുന്നത് കല്‍ക്കരി വ്യവസായ മേഖലയാണ്. മേഘാലയയുടെ സാമൂഹിക - സാമ്പത്തിക രംഗങ്ങളില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നത് കല്‍ക്കരി മേഖലയാണ്. രാജ്യത്തെ മറ്റ് സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്തമായി മേഘാലയയുടെ ധാതുസമ്പത്തിന്റെ അധികാരികള്‍ ഭരണഘടന പ്രകാരം അന്നാട്ടുകാരാണ്.

ഈ പ്രത്യേകത കൊണ്ടുതന്നെ കല്‍ക്കരി സമ്പന്നമായ ജയന്തിയ, ഖാസി, ഗാരോ കുന്നുകളില്‍ നടക്കുന്നുത് പ്രാകൃതമായ റാറ്റ് ഹോള്‍ മൈനിംഗ് അഥവാ എലിമാള ഖനനമാണ്. ധാതുസമ്പന്നമായ ഇത്തരം കുന്നുകളില്‍ പലയിടങ്ങളിലും തുടര്‍ന്നുപോരുന്ന ഖനനം അനധികൃതവുമാണ്. 2014 ഏപ്രിലില്‍ നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ (എന്‍. ജി. റ്റി.) അനധികൃത ഖനനത്തിന് വിലക്ക് ഏര്‍പ്പെടുത്തുന്നതുവരെ മേഘാലയ രാഷ്ര്ടിയത്തെത്തന്നെ നിയന്ത്രിക്കുന്ന സമാന്തര സമ്പദ്‌വ്യവസ്ഥയായി ഖനനം തുടര്‍ന്നു.

ഖനനം മൂലം ഏറ്റവും പ്രതിസന്ധി നേരിട്ട മേഖല മേഘാലയയുടെ ടൂറിസമാണ്. എന്‍. ജി. റ്റി. നിരോധനം വന്നെങ്കിലും ഖനനം ജയന്തിയ കുന്നുകളില്‍ ഇന്നും നടക്കുന്നു. ഖനനം മൂലമുളള പരിസ്ഥിതി പ്രശ്നങ്ങളാണ് സഞ്ചാരികളുടെ പറുദീസയായ മേഘങ്ങളുടെ നാടിനെ വലയ്ക്കുന്നത്. എലിമാള ഖനനത്തിലൂടെ ഉണ്ടാകുന്ന കുഴികളില്‍ നിന്ന് മഴ സമയങ്ങളില്‍ ഒലിച്ചിറങ്ങുന്ന ധാതുക്കള്‍ നിറഞ്ഞ വെളളം മേഘാലയയുടെ താഴ്വരകളിലെയും സമീപ സംസ്ഥാനങ്ങളിലെയും കര്‍ഷക കുടുംബങ്ങളെ പട്ടിണിയിലാക്കുന്നതാണ് മറ്റൊരു പ്രതിസന്ധി. മേഘാലയ തിരഞ്ഞെടുപ്പ് സമയത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടത് കല്‍ക്കരി ഖനനമായതിന്റെ കാരണവും ഇതൊക്കെതന്നെയാണ്. കല്‍ക്കരി പ്രശ്നം കൈകാര്യ ചെയ്യുന്നതിലുണ്ടായ പിഴവാണ് മേഘാലയ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജത്തിന് പ്രധാന കാരണങ്ങളിലെന്നായി മാറിയത്

തദ്ദേശീയര്‍ക്കൊപ്പം നേപ്പാളികളും ബിഹാറികളുമടക്കം അനേകര്‍ എലിമാളങ്ങള്‍ പോലെ അപകടങ്ങള്‍ പതിയിരിക്കുന്ന ഖനികളില്‍ പണിയെടുക്കുന്നുണ്ട്. ഇന്ത്യന്‍ കല്‍ക്കരി മേഖലയില്‍ സര്‍ക്കാര്‍ സ്ഥാപനമായ കോള്‍ ഇന്ത്യയുടെ പ്രാധാന്യം കുറച്ച് സ്വകാര്യമേഖലയെ പ്രോത്സഹിപ്പക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുകകൂടി ചെയ്യുന്ന സമയത്ത് കൊണാര്‍ഡ് സാങ്മ സര്‍ക്കാര്‍ കൈക്കൊളളുന്ന തീരുമാനം പ്രസക്തമാണ്. അത് മേഘാലയയുടെ കല്‍ക്കരി, ടൂറിസം, കൃഷി മേഖലകളുടെ ഭാവി നിര്‍ണ്ണയിക്കുന്നതാവും. കേന്ദ്ര സര്‍ക്കാര്‍ പുതിയ കല്‍ക്കരി നയത്തിന്‍റെ പണിപ്പുരയിലായതിനാല്‍ സാങ്മയുടെ തീരുമാനങ്ങളെ ദേശീയ രാഷ്ട്രീയവും വ്യവസായികളും ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.