സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗ സിനിമ ഗോവന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നത് തടയാനുള്ള ശ്രമം കേന്ദ്രസര്‍ക്കാര്‍ തുടരുന്നു. സിനിമ പ്രദര്‍ശിപ്പിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും.
സിനിമയെ മേളയില്‍ ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കഴിഞ്ഞദിവസം സിംഗിള്‍ ബെഞ്ച് ഉത്തരവുണ്ടായത്. കേന്ദ്ര സര്‍ക്കാര്‍ നടപടി ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണെന്ന സംവിധായകന്റെ വാദം അംഗീകരിച്ചായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഇത് ചോദ്യം ചെയ്താണ് കേന്ദ്രസര്‍ക്കാരിന്റെ അപ്പീല്‍.
ഗോവയില്‍ നടക്കുന്ന മേളയില്‍ ചിത്രത്തിന്റെ സര്‍ട്ടിഫൈഡ് കോപ്പി പ്രദര്‍ശിപ്പിക്കാനായിരുന്നു കോടതി അനുമതി നല്‍കിയത്. എസ് ദുര്‍ഗയ്ക്കൊപ്പം ഉദ്ഘാടന ചിത്രമായി ജൂറി നിശ്ചയിച്ചിരുന്ന മറാത്ത ചിത്രം ന്യൂഡും ഗോവ മേളയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പകരം ഇറാനിയന്‍ സംവിധാനകന്‍ മജീദ് മജീദിയുടെ ബിയോണ്ട് ദ ക്ലൗണ്ട്സ് ആണ് ഉദ്ഘാടന ചിത്രമായി മേളയില്‍ പ്രദര്‍ശിപ്പിച്ചത്.തീരുമാനത്തില്‍ പ്രതിഷേധിച്ച് ജൂറി ചെയര്‍മാന്‍ സുജോയ് ഘോഷ് രാജിവെക്കുകയും ചെയ്തിരുന്നു.
