ഷിലോംഗ്: അവധി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനെ വെടിവച്ച് കൊന്നു. സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ചാണ് മേഘാലയയിലെ ഖാസി ഹില്‍സ് ജില്ലയില്‍ കൊലപാതകം നടന്നത്. കോണ്‍സ്റ്റബിള്‍ അര്‍ജുന്‍ ദേശ് വാള്‍ ഞായറാഴ്ച പകല്‍ 11.45 ഓടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മുകേഷ് സി ത്യാഗിയെയാണ് കൊലപ്പെടുത്തിയത്. 

മുകേഷ് അര്‍ജുന്റെ അവധി നിഷേധിച്ചിരുന്നു. തുടര്‍ന്ന് തന്റെ സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് അര്‍ജുന്‍ 13 തവണ വെടി ഉതിര്‍ത്തു. സംഭവത്തില്‍ കോണ്‍സ്റ്റബിള്‍ ജോഗീന്ദര്‍ കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ ഓം പ്രകാശ് യാദവ്, ഇന്‍സ്‌പെക്ടര്‍ പ്രദീപ് മീന എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അര്‍ജുനെ അറസ്റ്റ് ചെയ്യുകയും തോക്ക് പിടിച്ചെടുക്കുകയും ചെയ്തു. മേഘാലയയില്‍ ഫെബ്രുവരി 27ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 60 അസംബ്ലി മണ്ഡലങ്ങളില്‍ 59 ലും തെരഞ്ഞെടുപ്പ് നടക്കും. മാര്‍ച്ച് മൂന്നിനാണ് വോട്ടെണ്ണല്‍. വില്യം നഗറില്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജൊനാദന്‍ സാഗ്മ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ആ മണ്ഡലത്തിലൊഴിച്ച് മറ്റ് മണ്ഡലങ്ങളില്‍ നിശ്ചയിച്ച തീയതിയില്‍ തന്നെ തെരഞ്ഞെടുപ്പ് നടക്കും.