ദില്ലി: ജെല്ലിക്കെട്ട് വിഷയം സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. ജെല്ലിക്കെട്ടിനെതിരെ ലഭിച്ച ഹര്‍ജികളെല്ലാം ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ആര്‍.എഫ്. നരിമാനും ഉള്‍പ്പെട്ട ബെഞ്ച് ഭരണഘടനാ ബെഞ്ചിന് വിടുകയായിരുന്നു.
ജെല്ലിക്കെട്ടിന് അനുമതി നല്‍കുന്ന തമിഴ്നാട്ടിലെ നിയമങ്ങളും കാളയോട്ട മല്‍സരങ്ങള്‍ക്ക് അനുമതി നല്‍കുന്ന മഹാരാഷ്‌ട്രയിലെ നിയമങ്ങളും ചോദ്യം ചെയ്ത് ലഭിച്ചിട്ടുള്ള ഹര്‍ജികളെല്ലാം ചേര്‍ത്ത് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്‌ക്ക് വിടുമെന്ന് കഴിഞ്ഞ ഡിസംബര്‍ 12ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരമാണ് നടപടി. ഇത്തരം നിയമങ്ങള്‍ നിര്‍മിക്കുന്നതിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കുണ്ടോയെന്ന് ഭരണഘടനാ ബെഞ്ച് തീരുമാനിക്കുമെന്നായിരുന്നു അന്ന് കോടതി വ്യക്തമാക്കിയത്. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന 1960ലെ കേന്ദ്ര സര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്താണ് തമിഴ്നാട് ജെല്ലിക്കെട്ടിനും മഹാരാഷ്‌ട്ര കാളയോട്ടത്തിനും അനുമതി നല്‍കുന്നത്.
