Asianet News MalayalamAsianet News Malayalam

മഹാരാഷ്ട്ര സർക്കാരിന് തിരിച്ചടി; ശിവാജി പ്രതിമ നിർമ്മാണം നിർത്തിവെക്കാൻ സുപ്രീംകോടതി

കൺസർവേഷൻ ആക്ഷൻ ട്രസ്റ്റ് എന്ന സംഘടന നൽകിയ ഹർജിയിൽ വാദം കേൾക്കവെയാണ് പ്രതിമയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചത്.

construction work at shivaji statue stopped after sc notice
Author
Mumbai, First Published Jan 17, 2019, 11:23 AM IST

മുംബൈ: അറബിക്കടലിൽ പുരോഗമിക്കുന്ന ഛത്രപതി ശിവാജിയുടെ പ്രതിമ നിർമ്മാണം നിര്‍ത്തിവയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവ്. കൺസർവേഷൻ ആക്ഷൻ ട്രസ്റ്റ് എന്ന സംഘടന നൽകിയ ഹർജിയിൽ വാദം കേൾക്കവെയാണ് പ്രതിമയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയും ജസ്റ്റിസ് എസ് കെ കൗളും അടങ്ങുന്ന ബഞ്ചിന്റെതാണ് നിർദ്ദേശം.

പ്രതിമ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പാരിസ്ഥിതികാനുമതി നൽകിയത് കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൺസർവേഷൻ ആക്ഷൻ ട്രസ്റ്റ് സുപ്രീംകോടതിയെ സമീപിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിമയുടെ നിർമ്മാണം നിർത്തി വയ്ക്കണമെന്ന ആവശ്യം നേരത്തെ ബോംബൈ ഹൈക്കോടതി തള്ളിയിരുന്നു. ദേശീയ പ്രാധാന്യമുള്ള വിഷയമായാണ് ശിവാജി പ്രതിമയുടെ നിർമ്മാണത്തെ കണക്കാക്കുന്നതെന്നും അതുമായി ബന്ധപ്പെട്ടുള്ള പ്രായോഗിക പ്രശ്നങ്ങൾ സംസ്ഥാനസർക്കാരിന് വിടുകയാണെന്നുമാണ് ഹൈക്കോടതി നിരീക്ഷിച്ചത്.

സുപ്രീംകോടതിയുടെ നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ നിർമാണം നിർത്തിവെക്കാൻ കരാറുകാർക്ക്  മഹാരാഷ്ട്ര പൊതുമരാമത്തുവകുപ്പ് നിർദ്ദേശം നൽകി. അതേ സമയം വിലക്ക് നീക്കുന്നതിനായി സുപ്രീംകോടതിയിൽ വിശദമായ സത്യവാങ്മൂലം നൽകാനൊരുങ്ങുകയാണ് മഹാരാഷ്ട്ര സർക്കാർ.

ശിവാജിയുടെ പ്രതിമ നിർമ്മിക്കാൻ  3,643.78 കോടിരൂപ ചെലവ് വരുമെന്ന് മഹാരാഷ്ട്ര സർക്കാർ നേരത്തെ വിശദമാക്കിയിരുന്നു. സുരക്ഷാക്രമീകരണങ്ങൾ സ്ഥലത്തിന്റെ സർവെ എന്നിവ ഉൾപ്പടെയുള്ള ചെലവാകും ഈ തുകയെന്നും 2022-23തോടെ പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ നിർമ്മാണം നിർത്തിവെച്ചതിലൂടെ പ്രതിമ പൂർത്തിയാകുന്നത് വൈകുമെന്നാണ് റിപ്പോര്‍ട്ട്.
 

Follow Us:
Download App:
  • android
  • ios