മുക്കിന് മുക്കിന് ഹോട്ടലുകള്‍ ഉള്ള നഗരമാണ് കൊച്ചി. എവിടെത്തിരിഞ്ഞ് നോക്കിയാലും ഹോട്ടലുകളുടെ ബഹളമാണ്. ഇവിടങ്ങളിലെ ഭക്ഷണത്തിന്റെ നിലവാരത്തെക്കുറിച്ച് ചര്‍ച്ചകള്‍ ഒരുപാട് നടന്നതാണ്. ഒപ്പം നല്‍കുന്ന വെള്ളത്തിന്റെ നിലവാരം ആരെങ്കിലും ശ്രദ്ധിക്കാറുണ്ടോയെന്ന് ഏഷ്യാനെറ്റ് ന്യൂസ് സംഘം അന്വേഷിച്ചു.

കോര്‍പറേഷനില്‍ നിന്ന് നേരിട്ട് കിട്ടുന്ന വെള്ളമാണ് ഒരു കുഴപ്പവുമില്ലെന്നാണ് ഹോട്ടല്‍ ജീവനക്കാരെല്ലാം പറയുന്നത്. ഭക്ഷണത്തിന് ഒപ്പം കുടിക്കാനായി ചിലയിടത്ത് നല്ല ചൂടുവെള്ളം തരും. മറ്റ് ചിലയിടങ്ങളില്‍ തണുത്ത വെള്ളമായിരിക്കും. തിളപ്പിച്ചാറിച്ചതെന്നാണ് വിശദീകരണം. കുടിക്കാന്‍ കൊള്ളാവുന്നതാണോ ഈ വെള്ളമെന്ന് ഞങ്ങള്‍ പരിശോധിച്ചു. നഗരത്തിലെ നാല് ഹോട്ടലുകളിലെ വെള്ളമാണ് ശേഖരിച്ചത്. ജലഅതോറിറ്റിയുടെ ലാബിലും കാക്കനാട്ടെ സര്‍ക്കാര്‍ അംഗീകൃത ലാബിലുമാണ് ഇവ പരിശോധിച്ചത്. ലഭിച്ചത് ഞെട്ടിപ്പിക്കുന്ന ഫലം.നാലില്‍ മൂന്ന് ഹോട്ടലുകളിലെയും വെള്ളം മലിനമാണെന്ന് കണ്ടെത്തി. അപകടകരമാം വിധം കോളിഫോം ബാക്ടീരിയയുടെ സാനിധ്യം ഇതിലുണ്ടെന്നാണ് കണ്ടെത്തിയത്. ഒരു ഹോട്ടലിലെ വെള്ളത്തില്‍ ഇ-കോളി ബാക്ടീരിയയും. നല്ല വെള്ളം കൊടുക്കുന്നതില്‍ അലംഭാവം കാട്ടുന്ന ഹോട്ടലുടമകളും, അശ്രദ്ധയോടെ ഇതൊക്കെ കൈകാര്യം ചെയ്യുന്ന ജീവനക്കാരും ചേര്‍ന്ന് ജനത്തെ മലിനജലം കുടിക്കാന്‍ നിര്‍ബന്ധിതരാക്കുകയാണ്.