റിയാദ്: പൊതുസ്ഥലത്ത് പുകവലിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുമായി സൗദി. രാജ്യത്ത് പുകവലിക്കാരുടെ എണ്ണം കുറച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ പരിഷ്കരിച്ച നിയമത്തിനു സല്‍മാന്‍ രാജാവ് അംഗീകാരം നല്‍കി.
നാഷണല്‍ കമ്മിറ്റി ഫോര്‍ ടൊബാക്കോ കണ്ട്രോള്‍ ആണ് പൊതുസ്ഥലത്ത് പുകവലിക്കുന്നവര്‍ക്കുള്ള പുതിയ ശിക്ഷയെ കുറിച്ച് തീരുമാനം പുറത്ത് വിട്ടത്. പള്ളികള്‍, സ്കൂളുകള്‍, കായിക കേന്ദ്രങ്ങള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍, ചാരിറ്റി സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ഫാക്ടറികള്‍ തുടങ്ങിയവയുടെ സമീപത്ത് പുകവലിക്കുന്നത് ശിക്ഷാര്‍ഹാമാണ്.
വിമാനം, കപ്പല്‍, പബ്ലിക് ബസുകള്‍, ടോയ്‌ലറ്റ്, റസ്റ്റോറന്റുകള്‍, പെട്രോള്‍ സ്റ്റേഷനുകള്‍, എലവേറ്ററുകള്‍ തുടങ്ങിയ സ്ഥലങ്ങളിലും പുകവലി പാടില്ല. പൊതുസ്ഥലത്ത് പുകവലിക്കാര്‍ക്കായി പ്രത്യേകം ഏര്‍പ്പെടുത്തിയ സ്ഥലത്ത് വെച്ച് മാത്രമേ പുകവലി അനുവദിക്കുകയുള്ളൂ. ഇവിടേക്ക് പതിനെട്ടു വയസിനു താഴെ പ്രായമുള്ളവര്‍ പ്രവേശിക്കാന്‍ പാടില്ല.
ഈ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് അയ്യായിരം റിയാല്‍ വരെ പിഴ ചുമത്തുമെന്ന് കമ്മിറ്റി അറിയിച്ചു. കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിയാകും. സിഗരറ്റിനു പുറമേ പുകയില ഉല്‍പ്പന്നങ്ങള്‍ ഏത് മാര്‍ഗങ്ങളിലൂടെ ഉപയോഗിച്ചാലും നിയമലംഘനമായി കണക്കാക്കും. പുകയില ഉല്‍പാദിപ്പിക്കുന്നവര്‍ക്ക് ഇരുപതിനായിരം റിയാല്‍ പിഴ ചുമത്തും.
കൂടാതെ സ്വന്തം ചെലവില്‍ ഈ സംവിധാനങ്ങള്‍ നശിപ്പിക്കുകയും വേണം. രാജാവിന്‍റെ നിര്‍ദേശപ്രകാരം മന്ത്രിസഭാ സമിതിയാണ് പുകവലിയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളും അവക്കുള്ള ശിക്ഷകളും നിര്‍ണയിച്ചത്. പുകവലിക്കാരെ ചികിത്സിക്കുന്നതിനായി മൊബൈല്‍ ക്ലിനിക്കുകള്‍ ആരംഭിക്കാന്‍ ആരോഗ്യ മന്ത്രാലയത്തിനു പദ്ധതിയുണ്ട്.
