മലപ്പുറം: കരിപ്പുര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യക്ക് വേണ്ടി കരാര്‍ ജോലികള്‍ ഏറ്റെടുത്ത കമ്പനി തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നതായി ജീവനക്കാരുടെ പരാതി. വേതനവുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രുപയുടെ തട്ടിപ്പ് കമ്പനി ഉടമ നടത്തിയെന്നാണ് ജീവനക്കാര്‍ പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്.

എയര്‍ ഇന്ത്യയുടെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംങ്ങ് ജോലികളുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത് ദില്ലി ആസ്ഥാനമായ കുള്ളാര്‍ കമ്പനിയാണ്
കരിപ്പുര്‍ വിമാനത്താവളത്തില്‍ കമ്പനിയുടെ 464 തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. രണ്ടു കൊല്ലമായി പി എഫ് ആനുകുല്യങ്ങള്‍ കമ്പനി അടച്ചിട്ടില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഒരു തൊഴിലാളിക്ക് ഏകദേശം 20000 രൂപ കണക്കാക്കിയാല്‍ ലക്ഷക്കണക്കിന് രുപയുടെ തട്ടിപ്പാണ് നടന്നത്.

കമ്പനി ഉടമയുടെ സ്വാധീനത്തിന് വഴങ്ങി എയര്‍ ഇന്ത്യ പോലും തങ്ങളുടെ പരാതിയില്‍ നടപടി എടുക്കുന്നില്ലെന്നും ജീവനക്കാര്‍ പറയുന്നു
സാമ്പത്തീക കാര്യങ്ങള്‍ മുഴുവന്‍ ഹെഡ് ഓഫീസ് വഴിയാണ് വഴിയാണ് നടക്കുന്നതെന്നും തങ്ങള്‍ക്ക് ഇക്കാര്യത്തെക്കുറിച്ച് അറിയില്ലെന്നും
കരിപ്പൂരിലെ കുള്ളാര്‍ കമ്പനിയുടെ ഓഫീസ് അറിയിച്ചു. എന്നാല്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിച്ചതായുള്ള കാര്യം സത്യമാണെന്ന നിലപാടിലാണ് കുള്ളാര്‍ കമ്പനിയുടെ പ്രാദേശിക നേതൃത്വം.