Asianet News MalayalamAsianet News Malayalam

'അക്രമത്തിന് ആഹ്വാനം ചെയ്യാൻ ഉദ്ദേശിച്ചിരുന്നില്ല'; കൊലവിളി പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ച് വി പി പി മുസ്തഫ

പ്രസംഗത്തിൽ ഉപയോഗിച്ച പദപ്രയോഗങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് വി പി പി മുസ്തഫ. അക്രമത്തിന് ആഹ്വാനം ചെയ്യാൻ ഉദ്ദേശിച്ചായിരുന്നില്ല പ്രസംഗമെന്നും വി പി പി മുസ്തഫ. 

controversial speech cpm leader vpp mustafa apologise
Author
Kasaragod, First Published Feb 24, 2019, 9:04 PM IST

കാസർകോട്: കൊലവിളി പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ച് സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം വി പി പി മുസ്തഫ. അക്രമത്തിന് ആഹ്വാനം ചെയ്യാൻ ഉദ്ദേശിച്ചായിരുന്നില്ല പ്രസംഗമെന്നും ഉപയോഗിച്ച പദപ്രയോഗങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും വി പി പി മുസ്തഫ പറഞ്ഞു. 

തന്‍റെ വാക്കുകള്‍ കാരണം പ്രസ്ഥാനത്തിനുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകളും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുമുണ്ടായ ദുഖവും മനസിലാക്കുന്നു. അതുകൊണ്ടാണ് ഖേദം പ്രകടിപ്പിക്കുന്നത്. പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്താണ് മാധ്യമങ്ങള്‍ കൊലവിളി പ്രസംഗമായി വ്യാഖ്യാനിച്ചതെന്നും മുസ്തഫ തൃക്കരിപ്പൂരില്‍ പറഞ്ഞു. 

അധികം കളിച്ചാല്‍ ചിതയില്‍ വയ്ക്കാന്‍ പോലും ഇല്ലാത്ത വിധം കോണ്‍ഗ്രസ് നേതാക്കളെ ചിതറിപ്പിച്ച് കളയുമെന്നായിരുന്നു വിവാദപ്രസംഗത്തില്‍ സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ മുസ്തഫയുടെ വാക്കുകള്‍.  ഇരട്ടക്കൊലപാതക കേസിലെ പ്രതി പീതാംബരന്‍ ആക്രമിക്കപ്പെട്ട് രണ്ട് ദിവസം കഴിഞ്ഞ് ജനുവരി ഏഴിനാണ് ഈ പ്രസംഗം മുസ്തഫ നടത്തിയത്. 

''പാതാളത്തോളം ക്ഷമിച്ച് കഴിഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ സഖാവ് പീതാംബരനെയും സുരേന്ദ്രനെയും മിനിഞ്ഞാന്ന് മര്‍ദ്ദിക്കുന്നതുവരെയുള്ള സംഭവങ്ങള്‍ ക്ഷമിക്കുകയാണ്. എന്നാല്‍ ഇനിയും ചവിട്ടാന്‍ വന്നാല്‍ ആ പാതാളത്തില്‍നിന്ന് റോക്കറ്റ് പോലെ സിപിഎം കുതിച്ച് കയറും. അതിന്‍റെ വഴിയില്‍ പിന്നെ കല്യോട്ടല്ല, ഗോവിന്ദന്‍ നായരല്ല, ബാബുരാജല്ല, ബാക്കിയില്ലാത്ത വിതത്തില്‍ പെറുക്കിയെടുത്ത് ചിതയില്‍ വയ്ക്കാന്‍ ബാക്കിയില്ലാത്ത വിധം ചിതറി പോകും'' - മുസ്തഫ പ്രസംഗത്തില്‍ പറഞ്ഞു.  

Also Read: ചിതയില്‍ വയ്ക്കാന്‍ ബാക്കിയില്ലാത്ത വിധം ചിതറിപ്പിച്ച് കളയും; സിപിഎം നേതാവിന്‍റെ കൊലവിളി പ്രസംഗം പുറത്ത്

Follow Us:
Download App:
  • android
  • ios