എറണാകുളം- അങ്കമാലി അതിരൂപത വൈദിക സമിതിയോഗം ഇന്ന് നടക്കും. വിവാദ ഭൂമി ഇടപാടിൽ സഭാസമിതി നടത്തിയ അന്വേഷണ റിപ്പോർട്ട് ഇന്നത്തെ യോഗത്തിൽ അവതരിപ്പിക്കും. ഉച്ചയ്‍ക്ക് ബിഷപ് ഹൗസിൽ ചേരുന്ന യോഗത്തിൽ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി അടക്കം അമ്പതോളം വൈദികരാണ് പങ്കെടുക്കുക.
എറണാകുളം -അങ്കമാലി രൂപതയിലെ വിവാദ ഭൂമി ഇടപാട് വിശ്വാസികൾക്കിടയിലും സഭാ നേതൃത്വത്തിലും ചൂട് പിടിച്ച് നിൽക്കെയാണ് അതിരൂപതയിലെ വൈദിക സമിതി യോഗം ചേരുന്നത്. ഭൂമി ഇടപാടിന് നേതൃത്വം നൽകിയവർക്ക് വീഴ്ച പറ്റിയെന്ന് നേരത്തെ തന്നെ വൈദിക സമതി കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കാൻ മാർപ്പാപ്പയ്‍ക്ക് കത്തയാക്കാനാണ് ഇന്ന് വീണ്ടും യോഗം ചേരുന്നത്.
കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, രണ്ട് സഹായ മെത്രാൻമാർ, അടക്കം അമ്പതോളം വൈദികരാണ് യോഗത്തിൽ പങ്കെടുക്കുക. ഭൂമി ഇടപാടിനെക്കുറിച്ച് അന്വേഷണം നടത്തിയ ആറംഗ കമ്മിഷന്റെ റിപ്പോർട്ടും ഇന്നത്തെ വൈദിക സമിതിയിൽ അവതരിപ്പിക്കും. ഭൂമി വിൽപ്പനയിലും നടപടികളിലും കാനോനിക നിയമങ്ങളുടെ ലംഘനമുണ്ടായെന്നും 34 കോടിരൂപയുടെ പ്രഥമിക നഷ്‍ടം സംഭവിച്ചെന്നും നേരത്തെ ഇടക്കാല കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ന് അവതരിപ്പിക്കുന്ന അന്തിമ അന്വേഷണ റിപ്പോർട്ട് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി അടക്കമുള്ളവർക്ക് നിർണ്ണായകമാണ്. റിപ്പോർട്ട് നൽകാൻ ഈമാസം 31 വരെ കമ്മിഷന് സമയ പരിധിയുണ്ടായിരുന്നെങ്കിലും പ്രശ്‍നം സങ്കീർണ്ണമായ സാഹചര്യം കണക്കിലെടുത്ത് റിപ്പോർട്ട് വേഗത്തിൽ അവതരിപ്പിക്കാൻ സമിതിയോട് ആവശ്യപ്പെടുകായായിരുന്നു. വൈദിക സമിതിയുടെ പരാതിക്കൊപ്പം റിപ്പോർട്ടും തുടർ നടപടികൾക്കായി വത്തിക്കാനിലേക്ക് അയക്കും. സംഭവത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട കഴിഞ്ഞ ദിവസം ഐജിക്ക് പരാതി വന്നതും സഭാ നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഐജിക്ക് ലഭിച്ച് പരാതി വിശദമായ പരിശോധനയ്‍ക്കായി സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമൈാറിയതായാണ് വിവരം.
