കോട്ടയം: പാത്താമുട്ടത്ത് ആക്രമണത്തെത്തുടർന്ന് പള്ളിയിൽ അകപ്പെട്ടവർ വീടുകളിലേക്ക് മടങ്ങിയിട്ടും രാഷ്ട്രീയയുദ്ധം അവസാനിക്കുന്നില്ല. പ്രാദേശീകപ്രശ്നത്തെ പെരുപ്പിച്ചത് കോൺഗ്രസാണെന്നാരോപിച്ച് ഡിവൈഎഫ്ഐ രംഗത്തെത്തി. എന്നാൽ അക്രമകാരികൾക്കെതിരെ നടപടി ഇല്ലാത്തത് കൊണ്ടാണ് ഇടപെട്ടതെന്ന് കോൺഗ്രസ് വിശദീകരിച്ചു.

പാത്താമുട്ടത്ത് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണത്തെത്തുടർന്ന് 13 ദിവസം പള്ളിയിൽ കഴിഞ്ഞ 6 കുടുംബം കഴിഞ്ഞ ദിവസമാണ് വീടുകളിലേക്ക് മടങ്ങിയത്. സംഭവത്തെക്കുറിച്ച് ക്രൈംബ്രാ‌ഞ്ച് അന്വേഷണത്തിന് തീരുമാനിച്ച തൊട്ടടുത്ത ദിവസമാണ് പാത്താമുട്ടത്ത് ഡിവൈഎഫ്ഐ സംസ്ഥാനനേതാക്കളെ പങ്കെടുപ്പിച്ച് രാഷ്ട്രീയവിശദീകരണയോഗം നടത്തി. പരസ്പരം പറഞ്ഞ് തീർക്കാൻ കഴിയുന്ന സംഭവത്തെ കോൺഗ്രസ് നേതാക്കൾ പരുപ്പിച്ച് വഷളാക്കുകയായിരുന്നുവെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാനസെക്രട്ടറി എഎ റഹീമിന്റ ആരോപണം

പത്താമുട്ടത്തെ രാഷ്ട്രീയവിഷമായി മുന്നോട്ട് കൊണ്ട് പോകാൻ തന്നെയാണ് കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റ തീരുമാനം. കളക്ട്രേറ്റിലേക്ക് നടന്ന മാർച്ചിൽ പൊലീസ് മനപൂർവ്വം സംഘർഷമുണ്ടാക്കിയെന്നാണ് കോൺഗ്രസ് ആക്ഷേപം. കോട്ടയം ഡിവൈഎസ് പി ഉൾപ്പടെ പൊലീസുകാർക്കെതിരെ നടപടിയെടുക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനം