തിരുവനന്തപുരം: ഈ മാസം 30ന് നടക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊച്ചി മെട്രോ ഉദ്ഘാടനത്തെച്ചൊല്ലി വിവാദം. പ്രധാനമന്ത്രിയുടെ ഓഫീസിനെയോ കേന്ദ്ര നഗരവികസന മന്ത്രാലയത്തെയോ അറിയിക്കാതെയാണ് ഉദ്ഘാടന ചടങ്ങ് നിശ്ചയിച്ചതെന്നാണ് വിമര്‍ശനം. 30ന് ആലുവയില്‍ വെച്ച് പ്രധാനമന്ത്രി കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യുമെന്നാണ് ഇന്ന് രാവിലെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചതെങ്കിലും ആ ദിവസങ്ങളില്‍ പ്രധാനമന്ത്രി രാജ്യത്തുണ്ടാകില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് മേയ് 30ന് തന്നെ കൊച്ചി മെട്രോ ഉദ്ഘാടനം നിശ്ചയിച്ചത്. പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചത്. ജര്‍മ്മനി, റഷ്യ, സ്പെയിന്‍ എന്നിവിടങ്ങളിലേക്ക് മുന്‍കൂട്ടി നിശ്ചയിച്ച യാത്രയിലായിരിക്കും പ്രധാനമന്ത്രി ഈ ദിവസത്തിലെന്നാണ് ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. ആ മാസം 29ന് പുറപ്പെടുന്ന പ്രധാനമന്ത്രി മേയ് മൂന്നിനായിരിക്കും തിരിച്ചെത്തുക. മേയ് നാല് മുതല്‍ ആറ് വരെ പ്രധാനമന്ത്രി ദില്ലിയിലുണ്ടാകുമെന്നുമാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിക്കുന്നത്. എന്നാല്‍ മെട്രോ ഉദ്ഘാടനം മേയ് 30ന് തന്നെ നടക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പ്രധാനമന്ത്രി എത്തുമെന്നാണ് പ്രതീക്ഷയെന്നും വന്നില്ലെങ്കില്‍ മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്നും കടകംപള്ളി പറഞ്ഞു.

പ്രധാനമന്ത്രിയുടെ സമയം ലഭിക്കാതെ പരിപാടി നിശ്ചയിച്ചതിനെ ബി.ജെ.പി സംസ്ഥാന നേതൃത്വവും വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ അസഹിഷ്ണുതയും അഹങ്കാരവുമാണ് ഇതിന് പിന്നില്‍. രണ്ടര മാസം മുമ്പ് നിശ്ചയിച്ച വിദേശ യാത്ര പരിഗണിക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ഘാടനം നിശ്ചയിച്ചതെന്നും ബി.ജെ.പി ആരോപിക്കുന്നു.