ജി 20 ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സീറ്റില്‍ നിന്ന് എഴുനേറ്റ തക്കം നോക്കി മറ്റൊരാള്‍ അവിടെ കയറിയിരുന്നതാണ് അന്താരാഷ്ട്ര മാധ്യമങ്ങളിലെ ഒരു പ്രധാന ചര്‍ച്ചാ വിഷയം. മറ്റാരുമല്ല മകളും പ്രസിഡന്റിന്റെ ഉപദേശകയുമായ ഇവാന്‍ക ട്രംപാണ് അച്ഛന്‍ പുറത്തിറങ്ങിയ സമയം നോക്കി കസേരയില്‍ കയറിയിരുന്നത്. സംഭവം വലിയ വിവാദമായി മാറിയിരിക്കുകയാണിപ്പോള്‍.
ഇന്തോനേഷ്യന്‍ പ്രസിഡന്‍റുമായുള്ള ചര്‍ച്ചക്കായി ട്രംപ് മാറിയ സമത്താണ് ഇവാന്‍ക, ട്രംപിന്‍റെ സീറ്റിലിരുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്, റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുചിന്‍ എന്നിവര്‍ക്കിടയിലായിരുന്നു ട്രംപിന്റെ സ്ഥാനം. പ്രസിഡന്റ് സീറ്റില്‍ നിന്ന് മാറുമ്പോള്‍ മന്ത്രിമാരോ ഉന്നത ഉദ്യോഗസ്ഥരോ ഒക്കെയാണ് സാധാരണ ആ സീറ്റില്‍ ഇരിക്കാറുള്ളത്. ഇവാന്‍ക പ്രസിഡന്റിന്റെ ഉപദേഷ്‌ടാവാണെങ്കിലും പ്രത്യേക അധികാരമോ ശമ്പളമോ ഇല്ലാത്ത പദവിയാണിത്. പിതാവിനൊപ്പമാണ് ഇവാന്‍കയും സമ്മേളനത്തിനെത്തിയത്. വിവിധ ലോക നേതാക്കളുമായി ട്രംപ് നടത്തുന്ന ഉഭയ കക്ഷി കൂടിക്കാഴ്ചകളില്‍ ഇപ്പോള്‍ ഇവാന്‍കയും ഭര്‍ത്താവും സ്ഥിര സാന്നിദ്ധ്യമാണ്.
