പാലക്കാട്: എകെജിയെ സംബന്ധിച്ച വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ ഗോപാലസേനയ്ക്ക് കീഴടങ്ങില്ലെന്ന് വിടി ബല്‍റാം എംഎല്‍.എ. സിപിഎമ്മിന്‍റെ ഭീഷണിക്ക് വഴങ്ങി മാപ്പ് പറയില്ലെന്നും പിന്തുണച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നന്ദിപറയുന്നതായും ബല്‍റാം.. ഉചിതമായ സമയത്ത് പുനർവിചിന്തനം നടത്തും. നിശ്ചയിച്ച പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ എംഎൽഎക്കെതിരെ സിപി എം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചീമുട്ടയെറിയുകയുെം ചെയ്തിരുന്നു.. പാലക്കാട് കൂറ്റനാട് ഒരു പൊതുപരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് എംഎല്‍എക്ക് നേരെ ആക്രമണമുണ്ടായത്. തുടര്‍ന്നാണ് പ്രതികരണവുമായി വിടി ബല്‍റാം രംഗത്തെത്തിയത്.

എകെജിക്കെതിരെ ഫേസ്ബുക്കില്‍ ആരോപണമുന്നയിച്ച ബല്‍റാമിന് വന്‍ സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വന്നത്. മുതിര്‍ന്ന സിപിഎം നേതാക്കളടക്കം വിവാദ പരാമര്‍ശത്തിനെതിരെ രംഗത്ത് വരികയും ചെയ്തു.

ഒളിവിൽ കഴിയുന്ന കാലത്ത് എകെജി ബാലപീഡനം നടത്തിയെന്ന വിടി ബൽറാമിന്റെ പരാമർശമാണ് വിവാദമായത്. ആദ്യ ഫേസ്ബുക്ക് പോസ്റ്റിന് ശേഷം പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ എകെജിയുടെ ജീവചരിത്രവും പത്രവാർത്തയും ഉദ്ധരിച്ച് ആരോപണങ്ങൾ ഒന്നുകൂടി ആവ‌ർത്തിച്ച് ബൽറാം വീണ്ടും ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു. ആരോപണങ്ങൾ ഊന്നിപ്പറഞ്ഞ്, പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്ന ഹാഷ് ടാഗിലാണ് എംഎൽഎ വീണ്ടും പോസ്റ്റിട്ടത്. 

ഒളിവിൽ കഴിഞ്ഞ വീട്ടിലെ പത്തോ പതിനൊന്നോ വയസ്സ് മാത്രം പ്രായമുള്ള കുട്ടിയോട് തോന്നിയ മമതയാണ്, ഭാര്യയുള്ളപ്പോൾ തന്നെ എകെജിയെ രണ്ടാം വിവാഹത്തിന് പ്രേരിപ്പിച്ചത് എന്നാണ് ബൽറാമിന്റെ വാദം. വിടി ബല്‍റാമിന്‍റെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും രംഗത്തെത്തിയിരുന്നു.