മ​റ്റൊ​രു പ്ര​തി​യാ​യ ന​രേ​ഷ് ഷെ​രാ​വ​ത്തി​ന് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ​യും കോ​ട​തി വി​ധി​ച്ചി​ട്ടു​ണ്ട്. സി​ഖ് വി​രു​ദ്ധ ക​ലാ​പ​ക്കേ​സി​ലെ ആ​ദ്യ വ​ധ​ശി​ക്ഷാ വി​ധി​യാ​ണി​ത്. 

ദില്ലി: 1984 ലെ സിഖ് കൂട്ടക്കൊലക്കേസില്‍ ദില്ലി സെഷന്‍സ് കോടതി ഒരു പ്രതിക്ക് വധശിക്ഷയും മറ്റൊരു പ്രതിക്ക് ജീവപര്യന്തവും വിധിച്ചു. സിഖുകാര്‍ക്കെതിരെ നടന്ന കലാപങ്ങളില്‍ ഇതാദ്യമായാണ് ഒരു കേസില്‍ വധശിക്ഷ വിധിക്കുന്നത്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്നാണ് രാജ്യവ്യാപകമായി സിഖ് വംശജര്‍ക്കെതിരെ ആക്രമണം ഉണ്ടായത്.

പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്ത എട്ട് കേസുകളില്‍ ഒന്നിലാണ് 34 കൊല്ലങ്ങള്‍ക്ക് ശേഷമാണ് കോടതി വിധി. 84 നവംബര്‍ ഒന്നിന് ദില്ലിയിലെ മഹിപാല്‍പൂരില്‍ പലചരക്ക് കട നടത്തുകയായിരുന്ന ഹര്‍ദേവ് സിംഗ്, അവ്താര്‍ സിംഗ് എന്നിവരെ സംഘം ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. സംഘത്തില്‍ അമ്പതിലധികം പേരുണ്ടായിരുന്നുവെങ്കിലും ഇതിന് നേതൃത്വം നല്‍കിയ യശ്പാല്‍ സിംഗ്, നരേഷ് ഷെറാവത്ത് എന്നിവരെ മാത്രമാണ് പ്രതി ചേര്‍ത്തത്. ഇവരില്‍ യശ്പാല്‍ സിംഗിനെ വധശിക്ഷയ്ക്കും നരേഷിനെ ജീവപര്യന്തം തടവിനും വിധിച്ചു. ആദ്യം ദില്ലി പൊലീസ് അന്വേഷിച്ച കേസ് തെളിവില്ലെന്ന് പറഞ്ഞ് എഴുതിതളളി. തുടര്‍ന്ന് കോടതി ഇടപെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.

സിഖ് വംശജരെ കൊലപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് പ്രതികള്‍ സംഘം ചേര്‍ന്നതെന്ന് കോടതി കണ്ടെത്തി. ഇവര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളും അക്രമം നടന്ന രീതിയും ഇതിന് തെളിവാണെന്ന് പ്രത്യേക ജഡ്ജി അജയ് പാണ്ഡെയുടെ ഉത്തരവില്‍ പറയുന്നു. വടിയും ഹോക്കിസ്റ്റിക്കും മണ്ണെണ്ണെയും ഉള്‍പ്പെടെ പ്രതികളുടെ കൈവശം ഉണ്ടായിരുന്നുവെന്നും കൂട്ടക്കുരുതിക്ക് നേരെ കണ്ണടയക്കാനാവില്ലെന്നും ജഡ്ജി പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ വധത്തെതുടര്‍ന്ന് രാജ്യത്താകമാനം പടര്‍ന്ന കലാപങ്ങളില്‍ 2800 സിഖുകാര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. ഇവരില്‍ 2100 പേരും മരിച്ചത് ദില്ലിയിലാണ്.