പാകിസ്ഥാനിലെ ഇന്ത്യന്‍ എംബസിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഉന്നത ഉദ്ദ്യോഗസ്ഥന്റെ വീട്ടില്‍ പാചകക്കാരനായി 2015 പകുതി മുതല്‍ 2017 സെപ്തംബര്‍ വരെയാണ് ഇയാള്‍ ജോലി ചെയ്തത്.

ലക്നൗ: പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്ഐയ്‌ക്ക് വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയതിന് ഇന്ത്യന്‍ നയതന്ത്ര ഉദ്ദ്യോഗസ്ഥന്റെ വീട്ടിലെ പാചകക്കാരനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ട് വര്‍ഷമായി പാകിസ്ഥാനിലെ ഇന്ത്യന്‍ എംബസി ഉദ്ദ്യോഗസ്ഥന്റെ വീട്ടില്‍ ജോലി ചെയ്ത് വരുന്ന ഉത്തര്‍പ്രദേശ് സ്വദേശി രമേശ് സിങിനെയാണ് (35) യു.പി ഭീകര വിരുദ്ധ സ്ക്വാഡും മിലിട്ടറി ഇന്റലിജന്‍സും ചേര്‍ന്ന് പിടികൂടിയത്.

രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് ഐഎസ്ഐ ഇയാള്‍ക്ക് പണം നല്‍കിയിരുന്നു. ഇയാളുടെ സഹോദരന്‍ സൈന്യത്തില്‍ ജോലി ചെയ്തിരുന്നുവെന്നും അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ അറിയിച്ചു. കര്‍ഷകനായിരുന്ന രമേശ് സിങിന് ഒരു ബന്ധു വഴിയാണ് പാകിസ്ഥാനില്‍ ജോലി ലഭിച്ചത്. പാകിസ്ഥാനിലെ ഇന്ത്യന്‍ എംബസിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഉന്നത ഉദ്ദ്യോഗസ്ഥന്റെ വീട്ടില്‍ പാചകക്കാരനായി 2015 പകുതി മുതല്‍ 2017 സെപ്തംബര്‍ വരെയാണ് ഇയാള്‍ ജോലി ചെയ്തത്. പാകിസ്ഥാനില്‍ എത്തിയശേഷം ഇയാളെ ഐഎസ്ഐ ഏജന്റുമാര്‍ സമീപിക്കുകയായിരുന്നു. വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയാല്‍ പണം നല്‍കാമെന്ന വാഗ്ദാനമാണ് ഐഎസ്ഐ ഉദ്ദ്യോഗസ്ഥര്‍ നല്‍കിയത്. ഇതനുസരിച്ച് എംബസി ഉദ്ദ്യോഗസ്ഥന്റെ ഡയറിയും മറ്റ് ചില രേഖകളും ഇയാള്‍ കൈമാറുകയും ചെയ്തു. 

പിന്നീട് 2017 അവസാനത്തോടെ നാട്ടില്‍ തിരിച്ചെത്തുകയും എട്ട് ലക്ഷത്തോളം രൂപയുടെ കടം തീര്‍ക്കുകയും ചെയ്തു. ഇയാള്‍ക്ക് പാകിസ്ഥാനില്‍ നിന്ന് പണം ലഭിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്.