ഗ്യാസ് സിലിണ്ടര്‍ പതിവിലും നേരത്തെ കാലിയാവുന്നെന്ന വീട്ടമ്മമാരുടെ പരാതിയെ തുടര്‍ന്നാണ് ലീഗല്‍ മെട്രോളജി വകുപ്പ് കൊച്ചിയില്‍ പരിശോധനയ്ക്ക് ഇറങ്ങിയത്. അന്വേഷണത്തില്‍ തട്ടിപ്പിന്റെ കേന്ദ്രബിന്ദു ഐഒസി ബോട്ട്‌ലിംഗ് പ്ലാന്റാണെന്ന് വ്യക്തമായി. ഉദയംപേരൂരിലെ ബോട്ട്‌ലിംഗ് പ്ലാന്റിലെത്തിയപ്പോള്‍ കണ്ടത് നിറച്ച് വച്ച ഭൂരിഭാഗം സിലണ്ടറിലും നിയമാനുസൃതമായ തൂക്കമില്ല. 14.2 കിലോ എല്‍പിജി വേണ്ടിടത്ത് ഓരോ സിലിണ്ടറിലും കുറവ് 700 ഗ്രാം വരെയാണ്.
ആദ്യതവണത്തെ അപരാധം എന്ന നിലയില്‍ ലീഗല്‍ മെട്രോളജി വകുപ്പ് ഐഒസിയില്‍ നിന്ന് ഏഴര ലക്ഷം രൂപ പിഴ ഈടാക്കി. വാങ്ങുന്നതിന് മുന്പ് ഉപഭോക്താവ് സിലണ്ടറിന്റെ തൂക്കം നോക്കാന്‍ തയ്യാറായാല്‍ തട്ടിപ്പ് തടയാമെന്ന് അധികൃതര്‍ പറയുന്നു. ഓരോ സിലിണ്ടറിലും 14.2 കിലോഗ്രാം എല്‍പിജിയാണ് വേണ്ടത്.
ഇതും കുറ്റിയുടെ ഭാരവും സിലിണ്ടറിന് മുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. 15.8 കിലോഗ്രാമാണ് സിലിണ്ടറിന്റെ ഭാരമെങ്കില്‍ എല്‍പിജി കൂടി ചേര്‍ത്ത് മൊത്തം ഭാരം 30 കിലോ വരണം. പാചകവാതകം വീട്ടിലെത്തിക്കുന്ന വാഹനങ്ങളിലും തൂക്കം നോക്കുന്ന യന്ത്രം നിര്‍ബന്ധമായും സൂക്ഷിക്കണമെന്നാണ് നിയമം.
