പാചകവാതകവും പൊള്ളും; പെട്രോളിനും ഡീസലിനും പിന്നാലെ പാചകവാതക്തിനും വില കൂടി

ദില്ലി: പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലവര്‍ധനവില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ക്ക് ഇടിത്തീയായി പാചകവാതകത്തിനും വിലകൂട്ടി. സബ്സിഡിയുള്ള സിലിണ്ടറുകള്‍ക്ക് 2.34 രൂപയും സബ്സിഡി രഹിത സിലിണ്ടറുകള്‍ക്ക് 48 രൂപയുമാണ് വര്‍ധിച്ചത്. പുതുക്കിയ നിരക്ക് പ്രകാരം 14.2 കിലോഗ്രാമുള്ള സിലിണ്ടറിന് ദില്ലിയില്‍ 493.55 രൂപയാണ് വില. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 698.50 രൂപയാണ് വില.

ദില്ലിക്ക് പുറത്ത് കൊല്‍ക്കത്തയില്‍ 496.65, മുംബൈ 491.31, ചെന്നൈ, കൊച്ചി എന്നിവിടങ്ങളില്‍ 481, 487 എന്നിങ്ങനെയാണ് വില. സബ്സിഡി രഹിത സിലിണ്ടറിന് 723.50, 671.50, 712.50 എന്നിങ്ങനെയാണ് കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെ വില.

16 ദിവസം തുടര്‍ച്ചയായി പെട്രോള്‍ ഡീസല്‍ വില വര്‍ധിച്ചതിന് പിന്നാലെയാണ് പാചകവാതകത്തിന് വിലവര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്ധനവില വര്‍ധനവിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് പാചകവാതകത്തിനും വിലവര്‍ധിപ്പിച്ചിരിക്കുന്നത്.