മൂന്നാര്‍: മഞ്ഞും കുളിരും നിറഞ്ഞ തെക്കിന്റെ കാശ്മീരില്‍ തണുപ്പും വര്‍ദ്ധിച്ചു. കഴിഞ്ഞ ദിവസം മൂന്നാറിന്റെ വിവിധ മേഖലകളില്‍ തണുപ്പ് മൈനസ് ഒന്ന് രേഖപ്പെടുത്തി. വരും ദിവസങ്ങളില്‍ തണുപ്പ് കൂടുതല്‍ വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്. ഡിസംബര്‍ ജനുവരി മാസങ്ങളിലാണ് മൂന്നാറില്‍ ഏറ്റവും കൂടുതല്‍ തണുപ്പ് രേഖപ്പെടുത്തുന്നത്. ഈ സമയത്ത് ഇവിടേയ്ക്ക് സഞ്ചാരികളുടെ കടന്നുവരവും വര്‍ദ്ധിക്കും. എന്നാല്‍ ഇത്തവണ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് തണുപ്പ് വളരെ കുറവായിരുന്നു. ഡിസംബര്‍ മാസത്തില്‍ ഇത്തവണ കാര്യമായ രീതിയില്‍ തണുപ്പ് അനുഭവപ്പെട്ടില്ലെങ്കിലും ഡിസംബറിന്റെ അവസാനമായതോടെ തണുപ്പ് വര്‍ദ്ധിക്കുകയാണ്. ജനുവരിയില്‍ മൈനസ് നാല് കടക്കുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ ദിവസം മൂന്നാര്‍ വിവിധ മേഖലകളായ കുണ്ടള, തെന്‍മല, അടക്കമുള്ള പ്രദേശങ്ങളില്‍ തണുപ്പ് മൈനസ് ഒന്നിലെത്തിയിരുന്നു. പച്ചവിരിച്ച് തെയിലക്കാടുകള്‍ക്ക് ഇടയിലുള്ള പുല്‍മേടുകളും യൂക്കാലികാടുകളും മഞ്ഞില്‍ കുളിച്ച് നില്‍ക്കുന്നത് മനോഹരമായ കാഴ്ച്ചയാണ് സമ്മാനിക്കുന്നത്. ഉദയസൂര്യന്റെ കിരണങ്ങള്‍ എറ്റ് പുല്‍മേടുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞിന്‍കണങ്ങള്‍ വെട്ടിത്തിളങ്ങുന്നത് വജ്ര ശോഭ പകര്‍ന്ന് നല്‍കുന്ന കാഴ്ച്ചയാണ്. കടുത്ത തണുപ്പിലും രാവിലെയടക്കം മഞ്ഞിന്റെ കാഴ്ച്ച ആസ്വദിക്കുന്നതിനും ചിത്രങ്ങള്‍ പകര്‍ത്തുന്നതിനുമായി നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടേയ്ക്ക് എത്തുന്നത്.
