അഹമ്മദാബാദ്: നോട്ട് മാറാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്തിലെ സൂററ്റില്‍ സഹകരമേഖലയിലെ ജീവനക്കാര്‍ റോഡുപരോധിച്ചു. രാജ്യവ്യാപകമായി സഹകാരികള്‍ പ്രക്ഷോഭം ശക്തമാക്കുകയാണ്. ഗുജറാത്തിലെ സൂററ്റില്‍ ഇന്നുച്ചക്ക് റോഡുപരോധിച്ചുള്ള സമരമാണ് സഹകരണമേഖലയിലെ ജീവനക്കാര്‍ നടത്തിയത്. ജഹാംഗീര്‍പുര പരുത്തി ഫാക്ടറിയില്‍ നിന്നും കളക്ടേറ്റിലേക്കായിരുന്നു മാര്‍ച്ച്.കാര്‍ഷികോല്‍പ്പന്നങ്ങള്‍ ചുമന്നായിരുന്നു പ്രതിഷേധം. ഗുജറാത്തിലെ സഹകരണബാങ്ക് തലവന്‍മാരുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച മാറ്റിവച്ചു. പഞ്ചാബില്‍ സഹകരണബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ധര്‍ണ്ണ നടത്തി. ബിഹാര്‍ സഹകരണബാങ്ക് ഫെഡറേഷന്‍ ഈ മാസം 25ന് സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

നോട്ട് പിന്‍വലിച്ചതിന് പിന്നില്‍ എട്ടു ലക്ഷം കോടി രൂപയുടെ അഴിമതിയുണ്ടെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാള്‍ ആരോപിച്ചു. സഹകരണമേഖലയില്‍ കള്ളപ്പണമൊഴുകുന്നുവെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീം പരാതി നല്‍കിയെന്ന കേന്ദ്രധനമന്ത്രി അരുണ്‍ ജെയറ്റിലിയുടെ പരാമര്‍ശത്തിനെതിരെ വൃന്ദ കാരാട്ട് രംഗത്തെത്തി. അത്തരമൊരു പരാതി ഒരു പി ബി അംഗവും നല്‍കിയിട്ടില്ലെന്ന് വൃന്ദ കാരാട്ട് പറഞ്ഞു.

നോട്ട് അസാധുവാക്കിയത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി മമതാ ബാനര്‍ജി കൊല്‍ക്കത്തയില്‍ ആര്‍ ബി ഐക്ക് മുന്നില്‍ പ്രതിഷേധിച്ചു. ഇതിനിടെ നോട്ട് അസാധുവാക്കിയതില്‍ എട്ടു ലക്ഷം കോടിയുടെ അഴിമതിയുണ്ടെന്ന ആരോപിച്ച ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാള്‍ വീശദാംശങ്ങള്‍ ഇന്ന് രാത്രി വെളിപ്പെടുത്തുമെന്നും അറിയിച്ചു. ആവശ്യത്തിന് ചെല്ലറനോട്ടുകളില്ലാത്തത് എടിഎമ്മുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കുകയാണ്. 500 രൂപ നോട്ടുകള്‍ ആവശ്യത്തിന് പ്രിന്റ് ചെയ്ത് കിട്ടിയിട്ടത്തതാണ് പ്രശ്‌നം രൂക്ഷമാക്കുന്നത്. 40 കോടി, 500 രൂപ നോട്ടുകളടിക്കാന്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെങ്കിലും ഒന്നര കോടി മാത്രമാണ് ലഭിച്ചിരിക്കുന്നത്.